കായിക രംഗത്തെ മികച്ച മന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല കായിക മഹോത്സവം ഡിസംബർ 28 മുതൽ 31 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വ്യത്യസ്ത കായിക ഇനങ്ങളെ പൊതുജനങ്ങളെ പരിചയപ്പെടുത്തുക, ജില്ലയിലെ കായികമേഖലയിലെ പുരോഗതിയും ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലാണ് നടക്കുക.

പുതിയ കായിക താരങ്ങളെ കണ്ടെത്താനും വ്യത്യസ്ത കായിക ഇനങ്ങളിലേക്ക് ആഷർഷിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നുണ്ട്. 40 കായിക ഇനങ്ങളിലായി 5000ത്തിലധികം കായിക താരങ്ങളും 500ലധികം ഓഫീഷ്യലുകളും കായിക മഹോത്സവത്തിന്റെ ഭാഗമാകും.

കായിക ഉത്പന്നങ്ങളുടെ വിപണനവും പ്രദർശനവും, സമഗ്രമായ കായിക സെമിനാർ, സ്പോർട്സ് മെഡിക്കൽ പവലിയൻ, കളി വർത്തമാനം എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. അടുത്ത വർഷം വ്യത്യസ്ത അഞ്ച് കേന്ദ്രങ്ങളിലായി കായിക മഹോത്സവം സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ആദ്യമായി ഈ രീതിയിൽ പരിപാടി സംഘടിപ്പിക്കുന്നത്.

ഡിസംബർ 28ന് രാവിലെ 9.45ന് മലപ്പുറം കോട്ടക്കുന്നിൽ ആരംഭിക്കുന്ന കായിക പ്രദർശനം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി ഉദ്ഘാടനം ചെയ്യും. കേരള ബാസ്‌ക്കറ്റ് ബോൾ അസ്സോസിയേഷൻ പ്രസിഡൻറ് കെ. മനോഹര കുമാർ അധ്യക്ഷത വഹിക്കും.