മഞ്ഞയും വെള്ളയും ചുവപ്പും വെളിച്ചങ്ങൾ അണിഞ്ഞു ഇതുവരെയില്ലാത്ത പ്രഭയിൽ വെട്ടിത്തിളങ്ങി മാനാഞ്ചിറ സ്ക്വയർ. മിന്നിത്തിളങ്ങുന്ന മാനാഞ്ചിറ കാണാൻ എമ്പാടും ജനവും.

പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ബുധനാഴ്ച വൈകീട്ടാണ് മാനാഞ്ചിറ ദീപാലംകൃതമായത്. ‘ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന പേരില്‍ വിനോദസഞ്ചാരവകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചത്. ഇല്ലുമിനേഷനിൽ വൈദ്യുതി വിളക്കുകൾ കൊണ്ടലങ്കരിച്ച ബേപ്പൂർ ഉരുവാണ് ഹൈലൈറ്റ്.

ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോട്ടെ റീഗൽ ബേക്കറി നിർമിച്ച 100 കിലോ തൂക്കം വരുന്ന ഭീമൻ കേക്ക് മുറിച്ചു മന്ത്രി പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചു.

കോളേജ്, സ്കൂൾ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ കലാപ്രകടനവുമുണ്ടായി.

മേയർ ബീന ഫിലിപ്പ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡി.സി.പി അനൂജ് പലിവാൽ, മദ്രാസ് ഇൻഫാന്ററി ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസർ കേണൽ നവീൻ ബഞ്ജിത്, കെ.ടി.ഐ.എൽ ചെയർമാൻ എസ് കെ സജീഷ്, സി.എസ്.ഐ മലബാർ ബിഷപ്പ് ഡോ. റോയ്സ് മനോജ്‌ വിക്ടർ, സ്വാമി ഭാവപ്രിയാനന്ദ (രാമകൃഷ്ണ മിഷൻ), മിശ്കാൽ പള്ളി ഖാദി മുഹമ്മദ്‌ സമീർ, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, പട്ടാളപള്ളി സെക്രട്ടറി അബ്ദുൽ കരീം, പി വി ചന്ദ്രൻ, പുരുഷൻ കടലുണ്ടി, ഒഡെപക് ചെയർമാൻ കെ പി അനിൽകുമാർ, ഷെവലിയാർ ചാക്കുണ്ണി, ടി പി ദാസൻ, വ്യവസായി എ കെ ഷാജി, വിനീഷ് വിദ്യാധരൻ, ഫാദർ സജീവ് വർഗീസ്, സൂര്യ ഗഫൂർ (വ്യാപാര വ്യവസായ സമിതി), ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം സി പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.