പ്രവാസി ഡിവിഡന്റ് പദ്ധതി നടത്തിപ്പിന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് അനുമതി നല്‍കി ഉത്തരവായി.
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  പ്രവാസി വിദേശത്തായിരിക്കുമ്പോള്‍ ഒരു നിശ്ചിത തുക പ്രവാസി ക്ഷേമ ബോര്‍ഡ് മുഖേന നിക്ഷേപിക്കുകയും മൂന്ന് വര്‍ഷത്തിന് ശേഷം പ്രവാസിക്കോ അയാളുടെ അവകാശിക്കോ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത തുക മാസവരുമാനമായി നല്‍കുകയുമാണ് ലക്ഷ്യം.
നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി നിക്ഷേപം സ്വീകരിക്കുന്നതിനും കിഫ്ബിക്കു കൈമാറ്റം ചെയ്യുന്നതിനും 1955 ലെ ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സൈന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം ബോര്‍ഡ് ഒരു സൊസൈറ്റിക്ക് രൂപം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.  പദ്ധതി നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ വിഹിതം ബജറ്റില്‍ നോര്‍ക്ക വകുപ്പിന്റെ പ്രവാസി ക്ഷേമത്തിനായുള്ള പദ്ധതിയായി ഉള്‍പ്പെടുത്തും.  പദ്ധതി ഏറ്റെടുത്തു നടത്തുന്നതിന് 2008 ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടില്‍ ആവശ്യമായ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.