സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാന്‍ പൊത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു.
വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പഠനം ശക്തിപ്പെടുത്തുന്നതിനും ദേശീയ തൊഴില്‍ നൈപുണി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ പഠനം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനും ദുരന്തനിവാരണം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനും ഉന്നതമായ മൂല്യങ്ങള്‍ പുതിയ തലമുറയില്‍ എത്തിക്കുന്നതിനും പാഠപുസ്തകങ്ങള്‍ പുനരവലോകനം ചെയ്ത് മെച്ചപ്പെടുത്താന്‍ എസ്.സി.ഇ.ആര്‍.ടി യെ ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് മെച്ചപ്പെടുത്തല്‍ വരുത്തിയ ഒമ്പത്, പത്ത്, ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. മെച്ചപ്പെടുത്തലുകളോടെ 2019 -20 ആധ്യയന വര്‍ഷം പ്രസിദ്ധികരിക്കുന്ന പാഠപുസ്തകങ്ങളില്‍ ക്വിസ് റസ്‌പോണ്‍സ് കോഡ് (ക്യു. ആര്‍. കോഡ്) പതിപ്പിക്കാനും വിവിധ ഡിജിറ്റല്‍ റിസോഴ്‌സുകളുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ 45000 ക്ലാസ് മുറികള്‍ ഇതിനകം ഹൈടെക് ആക്കി.  സമഗ്ര വിദ്യാഭ്യാസ പോര്‍ട്ടല്‍ സജ്ജമാക്കി. സാങ്കേതിക വിദ്യയ്ക്ക് വഴങ്ങുന്ന രീതിയില്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലും പഠനപ്രവര്‍ത്തനങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തി. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം 2018 -19 അധ്യയന വര്‍ഷം മുതല്‍ കേരളത്തിലും ദേശീയ നൈപുണി യോഗ്യതാ ചട്ടക്കൂട് (NSQF) നടപ്പിലാക്കും. ഇതിന് സഹായകമായ വിധത്തില്‍ തൊഴില്‍ ശേഷികള്‍ പാഠപുസ്തകങ്ങളിലെ ആശയമേഖലകളുമായി ഉദ്ഗ്രഥിച്ച് ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ജനാധിപത്യ മതേതര മൂല്യങ്ങളും ജീവിത മൂല്യങ്ങളും മനോഭാവങ്ങളും പാഠപുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.
ഭാഷാപാഠപുസ്തകങ്ങളില്‍ കവിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വൈകാരികതയും മൂല്യബോധവും വളര്‍ത്തുന്ന രചനകള്‍ കുട്ടികളെ പരിചയപ്പെടുത്തണമെന്നും യോഗത്തില്‍ സുഗതകുമാരി ടീച്ചര്‍ അറിയിച്ചു. സ്‌കൂള്‍ ക്ലാസുകളിലേക്കുള്ള വ്യാകരണ പാഠ്യപദ്ധതി വിശദമായി രൂപീകരിച്ച് പഠനപ്രവര്‍ത്തനങ്ങളിലൂടെ ഭാഷാബോധം വളര്‍ത്തണമെന്ന് വി. മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു. പാഠപുസ്തകങ്ങളിലും മറ്റ് ഔദ്യോഗിക രേഖകളിലും ഉപയോഗിക്കുന്ന ഭാഷ മാനകീകരിക്കുന്നതിനും ലിപി സമ്പ്രദായത്തില്‍ കൃത്യത വരുത്തുന്നതിനും  ഗവേഷണ പഠനം സംഘടിപ്പിക്കാന്‍ യോഗം എസ്.സി.ഇ.ആര്‍.ടി യോട് ആവശ്യപ്പെട്ടു.
വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത നിര്‍ണ്ണയിക്കുന്നതിന് സ്ഥിരം സംവിധാനം ആവശ്യമാണെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.  പഠനദിനം, സ്‌കൂളുകളുടെ സമയക്രമം, പിരീഡ് എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.  പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌ക്കരിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് എസ്.സി.ഇ.ആര്‍.ടി യെ ചുമതലപ്പെടുത്തി.
സംസ്ഥാന കരിക്കുലം സ്റ്റിയറിങ് അംഗവും പ്രശസ്ത മനഃശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ.എസ്. ഡേവിഡിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. വയലാര്‍ അവാര്‍ഡ് ജേതാവായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാറിനെ യോഗത്തില്‍ മന്ത്രി ആദരിച്ചു.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടര്‍ കുട്ടികൃഷ്ണന്‍, കരിക്കുലം കമ്മിറ്റി അംഗങ്ങളായ വി.കെ. മധു, സുഗതകുമാരി ടീച്ചര്‍, വി. മധുസൂദനന്‍ നായര്‍, രാവുണ്ണി, കെ.സി. ഹരികൃഷ്ണന്‍, എന്‍. ശ്രീകുമാര്‍, പി. ഹരിഗോവിന്ദന്‍, സി.പി. ചെറിയ മുഹമ്മദ്, ഡോ. കെ.എന്‍. ഗണേശ്, ഡോ. ജയപ്രകാശ്, ഹരികുമാര്‍, ഒ.എം. ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.