ജില്ലാ ഭരണ സംവിധാനത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാസര്‍കോട് നഗരസഭയുടെയും സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) സാമൂഹിക സുസ്ഥിരത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം എച്ച്.എ.എല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സജല്‍ പ്രകാശ് നിർവഹിച്ചു. കാസര്‍കോടിന്റെ കായിക മേഖലയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1.72 കോടി രൂപ ചെലവില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം വിദ്യാനഗറില്‍ ജില്ലാ നിര്‍മിതി കേന്ദ്രം പണി പൂര്‍ത്തീകരിച്ച ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനവും താക്കോല്‍ ദാനവും ജില്ലാ അക്വാറ്റിക് അക്കാദമിയിലാണ് നടന്നത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേര്‍സണ്‍ ഷംസീദ ഫിറോസ് മുഖ്യാതിഥിയായി. അക്വാറ്റിക് അക്കാഡമിയുടെയും നീന്തല്‍ കുളത്തിന്റെയും താക്കോല്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹിമാൻ ഏറ്റുവാങ്ങി. എച്ച്.എ.എല്‍ സി.ഇ.ഒ സജല്‍ പ്രകാശിനേയും നീന്തല്‍ കുളത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും ചടങ്ങില്‍ ആദരിച്ചു.
മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലീദ് പച്ചക്കാട്, ആര്‍.റീത്ത, സിയാന ഹനീഫ്, എ.ഡി.എം കെ.നവീന്‍ ബാബു, സബ് കളക്ടര്‍ സുഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര, എച്ച്.എ.എല്‍ (എച്ച്.ആര്‍) ജനറല്‍ മാനേജര്‍ കെ.ചന്ദ്രകാന്ത്, എച്ച്.എ.എല്‍ ഹൈദരാബാദ് ജനറല്‍ മാനേജര്‍ എം.സത്യനാരായണ, നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി.രാജ്മോഹന്‍, ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്‍ സെക്രട്ടറി എം.ടി.പി സെയ്ഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.വി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
സേവനം പുതുവര്‍ഷത്തില്‍
നിര്‍മ്മാണം പൂര്‍ത്തിയായ നീന്തല്‍ കുളം പുതുവര്‍ഷത്തില്‍ പൊതു ജനങ്ങള്‍ക്ക് തുറന്ന് നല്‍കും. 25 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ആഴവുമുള്ള നീന്തല്‍ കുളത്തില്‍ ആറ് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് ഓഫീസ് മുറി സ്ത്രീകള്‍ക്കും പുഷന്‍മാര്‍ക്കും പ്രത്യേകം വസ്ത്രം മാറാനുള്ള സൗകര്യവും ശുചിമുറികളും ഉണ്ട്. വനിതാ പുരുഷ പരിശീലകരുടെ സേവനം ലഭിക്കും. ബി.പി.എല്‍ വിഭാഗത്തില്‍ പെട്ട 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് ചെറിയ ഫീസ് ഈടാക്കിയും സേവനം നല്‍കും.