തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പിലാക്കുന്ന കെ – സ്മാര്‍ട്ട് ഡിജിറ്റലൈസ് സംവിധാനം കുന്നംകുളം നഗരസഭയില്‍ എത്തിയതോടെ അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച് ഗുണഭോക്താക്കള്‍. ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചയുടന്‍ തന്നെ ആവശ്യക്കാരന് സര്‍ട്ടിഫിക്കറ്റ് നല്‍കി.
ആദ്യത്തെ കെ – സ്മാര്‍ട്ട് സര്‍ട്ടിഫിക്കറ്റ് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ വിതരണം ചെയ്തു. ചാലിശ്ശേരി കണ്ടരമത്ത് പുഞ്ചയില്‍ ബാബുവിന്റെ മകന്‍ കാശിനാഥന്റെ ജനന സര്‍ട്ടിഫിക്കറ്റാണ് കെ സ്മാർട്ട് മുഖേന ലഭ്യമായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നഗരസഭയുടെ സോഫ്റ്റ് വെയറില്‍ അപേക്ഷ വന്നത്. തുടര്‍ന്ന് വേഗത്തില്‍ തന്നെ ഇത് നല്‍കാന്‍ സാധിച്ചു.
ചടങ്ങിൽ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, ടി സോമശേഖരന്‍, കൌണ്‍സിലര്‍മാര്‍, സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍, സിസിഎം ആറ്റ്ലി പി ജോണ്‍, രജിസ്ട്രാര്‍ താജുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെ – സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം മികച്ച രീതിയില്‍ നടപ്പിലാക്കാനും പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനുമായി നഗരസഭയില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ച് വിഭാഗങ്ങളാക്കി ജീവനക്കാരെ വിന്യസിപ്പിച്ചാണ് പ്രവര്‍ത്തനം. കൂടാതെ ഇന്‍ഫര്‍മേഷന്‍ കേരളയുടെ (ഐകാം) വിദഗ്ധരായവരുടെ സേവനവും നഗരസഭയില്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്.