ജനകീയ സർക്കാരിന്റെ ഇടപെടലിലൂടെ 35 വർഷത്തിനു ശേഷം കുന്നംകുളം നഗരസഭയിലെ പണിക്കശ്ശേരിപറമ്പിൽ ബാബു കരമടച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിലൂടെയാണ് മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിന്ന ഭൂമി പ്രശ്നത്തിന് പരിഹാരമായത്. പരാതി നൽകി ഒരു മാസത്തിനകം പ്രശ്നം പരിഹരിച്ച സന്തോഷത്തിലാണ് ബാബു.

കയറി കിടക്കാൻ ഭൂമിയും വീടും ഉണ്ടായിരുന്നെങ്കിലും സ്വന്തം പേരിലല്ലാത്തതിനാൽ കരമടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ സർക്കാർ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. കുന്നംകുളം നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിലെ സ്ഥിരം താമസക്കാനാണ് കൂലിപ്പണിക്കാരനായ ബാബു.

ആർത്താറ്റ് വില്ലേജ് ഓഫീസിൽ നിന്നും കരം അടച്ചു നൽകിയ റസീറ്റ് കൈപ്പറ്റിയപ്പോൾ ഭൂമിയുടെ അവകാശിയായ ബാബുവിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. പ്രശ്നം ഉടൻ പരിഹരിച്ച സർക്കാരിന് നന്ദി പറയുകയാണ് ബാബുവും ഭാര്യ അശ്വതിയും.