നാടിന്റെ സമഗ്ര വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനാകുന്ന പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൊണ്ടുവരണമെന്ന് നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. തലശ്ശേരി നഗരസഭ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയണം. എല്ലായ്പ്പോഴും സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് മാത്രമേ പദ്ധതി നടപ്പാക്കാനാകൂ എന്നില്ല. പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയാലേ ഭാവിയില്‍ മുന്നോട്ടു പോകാന്‍ കഴിയൂ. സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ നടത്താനുള്ള സാഹചര്യമൊരുക്കണം. സ്വതന്ത്രമായി നിക്ഷേപം ചെയ്യുന്നതിലൂടെ നഗരങ്ങളില്‍ വലിയമാറ്റം സാധ്യമാകുമെന്നും സ്പീക്കര്‍ പറഞ്ഞു.

തലശ്ശേരി-മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടു കൂടി തലശ്ശേരി നഗരത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാകുന്ന പദ്ധതികള്‍ നഗരസഭ കൊണ്ടുവരണം. തലശ്ശേരിയിലെ പൈതൃക ടൂറിസം സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനാകണം. നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്കായി പ്രത്യേക സ്ഥലം കണ്ടെത്തി നല്‍കണമെന്നും നഗരത്തില്‍ ശുചിത്വം ഉറപ്പാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വികസന സെമിനാറുകള്‍ വിശാലകാഴ്ചപ്പാടോടു കൂടി ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടു പോകണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വികസന സെമിനാറില്‍ നഗരസഭ അധ്യക്ഷ കെ എം ജമുനാറാണി അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരത്തിന്റെ സമഗ്രമായ വികസനം നടപ്പാക്കാനാവശ്യമായ കാര്യങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സ്ഥിരംസമിതി അധ്യക്ഷരായ ടി സി അബ്ദുല്‍ ഖിലാബ്, എം വി ജയരാജന്‍, സെക്രട്ടറി എന്‍ സുരേഷ്‌കുമാര്‍, പാര്‍ട്ടി ലീഡര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ സംസാരിച്ചു.