നിയമങ്ങളും ചട്ടങ്ങളുമെല്ലാം സാധാരണക്കാർക്ക്‌ അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിന്റെ മികച്ച മാതൃകയാണ് തെലുങ്കർ കോളനിയിൽ പട്ടയ വിതരണമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തലപ്പിള്ളി താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാർശ്വവൽകൃത വിഭാഗത്തെ സർക്കാർ എക്കാലവും ചേർത്ത് പിടിക്കും. പട്ടയ അസംബ്ലികൾ ചേർന്ന് മണ്ഡലത്തിലെ എല്ലാ ഗുണഭോക്താക്കൾക്കും രേഖ ഉറപ്പാക്കി വരികയാണ്. എല്ലാ അതിദരിദ്രർക്കും ഭൂമി നൽകിയ ആദ്യ ജില്ലയായി ഇടുക്കി മാറിയെന്നും മറ്റു ജില്ലകളും അതിവേഗം ഈ നേട്ടം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

തലപ്പിള്ളി താലൂക്കിലെ കുമരനെല്ലൂർ വില്ലേജിലെ തെലുങ്കർ കോളനി മുണ്ടത്തിക്കോട് വില്ലേജിലെ കുംഭാര കോളനി നിവാസികൾക്കാണ് പട്ടയങ്ങൾ വിതരണം ചെയ്ത്. ഭൂമിയുടെ തരവുമായി ബന്ധപ്പെട്ട് തെലുങ്കർ കോളനി നിവാസികൾക്ക് ഭൂമിക്ക് രേഖ ഉറപ്പാക്കുന്നതിന് നീണ്ട നാളത്തെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ പരിശ്രമങ്ങൾക്കാണ് പരിഹാരമായത്. 52 വർഷങ്ങളായി മുണ്ടത്തിക്കോട് കുംഭാര കോളനിയിൽ തലമുറകളായി കൈമാറ്റം ചെയ്തുവന്നിരുന്ന ഭൂമിക്കുമാണ് പട്ടയം ലഭിച്ചത്. തെലുങ്കർ കോളനിയിൽ ആദ്യഘട്ടത്തിൽ 24 പേർക്ക് പട്ടയം വിതരണം ചെയ്തതിനു പുറമേയുള്ള 16 പട്ടയങ്ങളും, കുംഭാര കോളനിയിൽ 26 പട്ടയങ്ങളും അഞ്ച് ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്‍തത്.

സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ പി എൻ സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സ്വപ്ന ശശി, ജമീല ബി, സി വി മുഹമ്മദ് ബഷീർ, തലപ്പിള്ളി തഹസിൽദാർ എം സി അനുപമന്‍ തുടങ്ങിയവർ പങ്കെടുത്തു.