മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരണ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കും

നാടിനു വേണ്ടത് ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഇടങ്ങളാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരണ പ്രവൃത്തിയുടെ ഉദ്‌ഘാടനം റഹ്മാൻ ബസാറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ഏറ്റവും ജന സാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഇടങ്ങൾ നമ്മുടെ നാട്ടിൽ കുറഞ്ഞുവരികയാണ്. മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരിക്കാൻ വിനോദസഞ്ചാര വകുപ്പ് സന്നദ്ധത അറിയിച്ചപ്പോൾ വളരെ സന്തോഷത്തോടെ കോർപറേഷൻ ഭരണ സമിതി അതിന് തയ്യാറാവുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പാർക്ക് നവീകരണത്തിലൂടെ ചരിത്രത്തെ കെടാതെ സൂക്ഷിക്കുന്ന ഉത്തരവാദിത്തം കൂടി നിർവഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തന രംഗത്ത് മാതൃകയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിയുടെ പേരിലുള്ള പാർക്ക് 60 വർഷങ്ങൾക്ക് ശേഷം നവീകരിക്കപ്പെടുമ്പോൾ ആ വ്യക്തിയെ മാത്രമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയത്തെയും കർമത്തെയും സ്മരിക്കുകയും ബഹുമാനിക്കുകയുമാണ്. പാർക്കിന്റെ നവീകരണ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കി 2025 ന്റെ പുതുവത്സര സമ്മാനമായി നൽകാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രേമലത തെക്കുവീട്ടിൽ, പി ഷീബ, എം പി ഷഹർബാൻ, റഫീന അൻവർ, അജീബ ബീവി, വിനോാദ സഞ്ചാര വകുപ്പ് റീജണൽ ജോയന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, വിവിധ രാഷ്ട്രീയ – സാമൂഹിക സംഘടനാ പ്രതിനിധികൾ സംസാരിച്ചു. മരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ സ്വാഗതവും വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ നന്ദിയും പറഞ്ഞു.