ഭൂമി ഏറ്റെടുക്കൽ 95 ശതമാനത്തിലധികം പൂർത്തിയായി

കോഴിക്കോട് നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാകുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ വീതികൂട്ടൽ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വീതി കൂട്ടലിന്റെ ഭാഗമായി നടക്കുന്ന കെട്ടിടം പൊളിക്കൽ പ്രവൃത്തികൾ ഞായറാഴ്ച പൂളക്കടവിൽ സന്ദർശിക്കുകയായിരുന്നു മന്ത്രി.

റോഡ് വീതി കൂട്ടലിന്റെ മുന്നോടിയായി ഭൂമി ഏറ്റെടുക്കൽ 95 ശതമാനത്തിലധികം പൂർത്തീകരിച്ചു. ഇനി ഉടൻ ടെണ്ടർ നടപടിയിലേക്ക് കടക്കും. റോഡ് പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനുള്ള ഷെഡ്യൂൾ തയ്യാറാക്കും. 8.5 കിലോമീറ്റർ റോഡ് പണി പൂർത്തീകരിക്കാനുള്ള സമയം എത്രയാണോ ആ സമയത്തിനുള്ളിൽ പണി പൂർത്തീകരിക്കും. കോഴിക്കോട് നഗരത്തിന്റെ മാത്രമല്ല മലബാറിന്റെ ആകെ വികസനത്തിന് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ നവീകരണം ആക്കംകൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ജലഗതാഗത പാതയുടെ ഭാഗമായി കോഴിക്കോട് കനാൽ സിറ്റി കൊണ്ടുവരാൻ 1100 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇതിനായി എരഞ്ഞിപ്പാലത്ത് ഒരു ഫ്ലൈ ഓവർ വരേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദപദ്ധതിരേഖ തയ്യാറാക്കിക്കഴിഞ്ഞു. നാലുവരിയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മോഡൽ റോഡ് ആയാണ് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.