തൃത്താല മണ്ഡലത്തെ സമ്പൂര്‍ണ ജലസുരക്ഷാ മണ്ഡലമാക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നാഗലശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സുസ്ഥിര തൃത്താല പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ ഭാഗമായി കാര്‍ഷിക കുളങ്ങളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിങ്, മഴവെള്ള സംഭരണം, നീര്‍ച്ചാലുകളുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ ഒരു ലക്ഷം തെങ്ങിന്‍തൈകള്‍ നട്ടു, 48 കിണര്‍ റീചാര്‍ജിങ് പൂര്‍ത്തിയായി. മണ്ഡലത്തിലെ ജലബജറ്റ് ഈ മാസം പ്രകാശനം ചെയ്യും. മാലിന്യമുക്ത തൃത്താല പദ്ധതിയുടെ ഭാഗമായി യൂസര്‍ഫീ കളക്ഷന്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.

മാലിന്യശേഖരണത്തിന് ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 17 മുതല്‍ സ്‌പെഷ്യല്‍ ഡ്രൈവ്, സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ മണ്ഡലത്തിലെ കാവുകള്‍ പുനരുദ്ധീകരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍, ഉള്‍നാടന്‍ മത്സ്യകൃഷി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

മണ്ഡലത്തിലെ എട്ട് നീര്‍ത്തടങ്ങള്‍ തരിശ് രഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. യോഗത്തില്‍ സുസ്ഥിര തൃത്താലയുടെ ഭാഗമായി എട്ട് സൂക്ഷ്മ നീര്‍ത്തടങ്ങളില്‍ വിവിധ വകുപ്പുകളുടെ സംയോജന പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന ഡി.പി.ആര്‍ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

യോഗത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍, നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ രവി രാജ്, ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.ഡി സിന്ധു, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, ജില്ലാ ഭൂഗര്‍ഭജല ഓഫീസര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.