മാലിന്യമുക്ത കേരളത്തിന് പുതുമാതൃക സൃഷ്ടിക്കുകയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് മേള നടത്തിയത്. ഹരിതചട്ടകമ്മിറ്റിയും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്.പൂര്‍ണമായും ‘ക്ലീന്‍’ ആയിരുന്നു വേദികളും പരിസരവുമെല്ലാം. ഹരിതചട്ട പാലനത്തിനായി വൊളന്റിയേഴ്‌സിനും തൊഴിലാളികള്‍ക്കും പ്രത്യേകം പരിശീലനം നല്‍കിയിരുന്നു.
കലോത്സവ വേദിയില്‍ ഉപയോഗിക്കാനും ഹരിത ചട്ടം പാലിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാനുമായി പേപ്പര്‍ ബാഗ്, പേന എന്നിവയാണുണ്ടായിരുന്നത്. 300 എന്‍ എസ് എസ് വൊളന്റിയര്‍മാര്‍ , സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് , ഹരിതകര്‍മ സേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സ്‌കൂളുകളിലെ 60 പ്രധാന അധ്യാപകര്‍, വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവരാണ് ഹരിത മേളയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
25 അംഗ ടീംകേരള അംഗങ്ങളുംപിന്തുണ നല്‍കി. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രധാന വേദികളിലായി ബാംബൂ കോര്‍പ്പറേഷന്റെ ഈറകുട്ടകള്‍ സ്ഥാപിച്ചു. ഓലവല്ലങ്ങളും വിവിധ വേദികളിലും പരിസരങ്ങളിലുമായി സ്ഥാപിച്ചു. മാലിന്യങ്ങള്‍ ഇവയില്‍ തന്നെ നിക്ഷേപിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തി. ഹാം റേഡിയോയും നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്തി.
ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ ദിവസവും മൂന്നു തവണയായി ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റി. കുടിവെള്ളത്തിനായി പ്രത്യേകം മണ്‍കൂജകളും സ്ഥാപിച്ചിരുന്നു. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരകണപാഠങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ എക്കോബ്രിക്‌സ് നിര്‍മിക്കാനുള്ള പദ്ധതിയുടെ മാതൃകയും കലോത്സവ വേദിയിലെ ഹരിതസ്റ്റാളില്‍ സജ്ജമാക്കിയിരുന്നു.