തദ്ദേശസ്ഥാപനങ്ങളടെ 36 നൂതന പദ്ധതികൾക്ക് ജില്ലാതല വിദഗ്ദധ സമിതി യോഗം അംഗീകാരം നൽകി. ജില്ലയിലെ വിവിധ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിൽ നിന്നായി 43 പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്. ഇതിൽ നൂതന ആശയങ്ങളില്ലാത്ത പദ്ധതികൾക്ക് അംഗീകാരം നൽകിയില്ല. മുൻ വർഷത്തെ പദ്ധതികളിൽ അടങ്കൽ തുക ഭേദഗതി വരുത്തിയ പദ്ധതിക്കും അംഗീകാരം നൽകി.

താനാളൂർ ഗ്രാമപഞ്ചായത്തിലെ ‘അറിവകം’ സമഗ്ര വിദ്യാഭ്യാസ പരിപാടി, ജെൻഡർ സൗഹൃദ പഞ്ചായത്ത് പദ്ധതി, തവനൂർ ഗ്രാമപഞ്ചായത്തിലെ വനിതാ ഖാദി നെയ്ത്ത് കേന്ദ്രം, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ ‘സായൂജ്യം’ പദ്ധതി, മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ഇംബൈബ് എൽ.എം.എം.എസ് സ്‌കോളർഷിപ്പ്, വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന കലോത്സവം, തിരൂർ ബ്ലോക്ക് പഞ്ചായത്ത് കാർഷിക മേഖലയ്ക്ക് ഡ്രോൺ, വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ വയോജന ക്ലബ് ഉല്ലാസയാത്ര, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന്റെ വിധവ സംഗമവും വിനോദയാത്രയും നന്നമുക്ക് പഞ്ചായത്തിന്റെ നിർഭയ പദ്ധതി തുടങ്ങിയവയാണ് അംഗീകാരം നൽകിയതിലെ പ്രധാന പദ്ധതികൾ.

യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. തിരൂർ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിൻ കുമാർ യാദവ് മുഖ്യാതിഥിയായി പങ്കെടുത്തു. സർക്കാർ നോമിനി ഇ.എൻ മോഹൻദാസ്, എക്കണോമിക്സ് ആൻഡ് സ്റ്റാസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എം സുമ, ജില്ലാ ടൗൺ പ്ലാനർ ഡോ.ആർ പ്രദീപ്, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടിമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.