കുട്ടികളുടെ അതിജീവനം വികസനം സുരക്ഷിതത്വം സംരക്ഷണം എന്നിവ സമൂഹത്തിന്റെ ബാധ്യതയാണെന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് ചുമതലയുള്ള അധ്യാപകർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷനും പോലീസും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവകാശങ്ങളോടൊപ്പം കർത്തവ്യങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താൻ അധ്യാപകർക്ക് കഴിയണം. കുട്ടികളുടെ അന്തസ്സും മൂല്യവും നിലനിർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിനായി വിവിധ സംഘടനകളുമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ ഡി.വൈ.എസ്.പി കെ.സി ബാബു അധ്യക്ഷത വഹിച്ചു. ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗം ഷാജെസ് ഭാസ്‌കർ ‘കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും ‘ വിഷയത്തിൽ ക്ലാസെടുത്തു. എസ്.പി.സി അസി.നോഡൽ ഓഫീസർ സി.പി പ്രദീപ് കുമാർ, ബിന്ദു ഭാസ്‌കർ എന്നിവർ സംസാരിച്ചു.