വിവാഹ ആൽബവും വീഡിയോയും നൽകിയില്ലെന്ന പരാതിയിൽ 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. തിരൂരങ്ങാടി കക്കാട് മലയിൽ വീട്ടിൽ ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ ആൽബവും വീഡിയോയും തയ്യാറാക്കുന്നതിന് പത്തനംതിട്ടയിലെ വെഡ് ടെയിൽസ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയെ ഏൽപ്പിച്ചിരുന്നു. 1,10,000 രൂപക്ക് രണ്ടും തയ്യാറാക്കി കൊടുക്കാനായിരുന്നു കരാർ. അതുപ്രകാരം ഒരു ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആൽബവും വീഡിയോയും നൽകാത്തതിനെ തുടർന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്.

ഒരു മാസത്തിനകം ആൽബവും വീഡിയോയും പരാതിക്കാരന് നൽകണമെന്നും വീഴ്ച്ച വരുത്തിയതിന് 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. ആൽബവും വീഡിയോയും നൽകാൻ കഴിയാത്തപക്ഷം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധിപ്രകാരമുള്ള സംഖ്യക്ക് ഒമ്പത് ശതമാനം പലിശ നൽകണം എന്നും ഉത്തരവിൽ പറഞ്ഞു.