അനേകം ജാതി, മത വൈവിധ്യങ്ങളുള്ള ഇന്ത്യയിൽ മത നിരപേക്ഷമൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനും ഇത്തരം മൂല്യങ്ങൾ വിദ്യാർഥികൾക്ക് പഠിപ്പിക്കണമെന്നും സ്പീക്കർ എ.എൻ ഷംസീർ. തവനൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ മഹോത്സവത്തിന്റെ സമാപന സമ്മേളനവും മിനി പ്ലാനിറ്റോറിയവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയണം. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ അത് വിശ്വാസത്തെ തള്ളിക്കളയുകയല്ല.
ശാസ്ത്രത്തെ വിശ്വാസികളും വിശ്വാസത്തെ ശാസ്ത്രജ്ഞൻമാരും വിശ്വസിക്കണം.
ശക്തനായ മതനിരപേക്ഷകന്‍ ആകുക എന്നതാണ് ആധുനിക കേരളത്തിനു വേണ്ടി നാം എടുക്കേണ്ട പ്രതിജ്ഞ. മനുഷ്യരെ സ്നേഹിക്കുന്നവരാണ് നമ്മളെന്ന് പറയാൻ കഴിയണം. കുട്ടികളെ ചരിത്ര സത്യം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തവനൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വിദ്യഭ്യാസ മഹോത്സവം
ട്വിംഗിൾ ദി എജ്യു ബിനാലെ പദ്ധതി മാതൃകാപരമാണ്. ഇത്തരം പദ്ധതികളോടൊപ്പം കുട്ടികൾക്ക് കരിയർ ഗൈഡൻസ് നൽകുന്നതിനും ബഹുഭാഷകൾ കൈകാര്യം ചെയ്യുന്നതിനുതകുന്ന പദ്ധതികളും ഭരണഘടനാ പഠനവും അനിവാര്യമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ഡോ. കെ.ടി.ജലിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.പി സി. ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, ശ്രീചിത്രൻ,അടാട് വാസുദേവൻ, കെ.എം.ജി.വി.എച്ച്.എസ്. എസ് പ്രിൻസിപ്പൽ കെ.പി. വേണു, ജനറൽ കൺവീനർ എസ് ബിന്ദു തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ടീയ രംഗത്തെ പ്രമുഖരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.