ചുവരുകളിൽ തെളിയുന്ന ഗ്രഹങ്ങൾ, സീലിംഗിൽ തെളിയുന്ന നക്ഷത്രങ്ങളും ആകാശ കാഴ്ചകളും. പ്രപഞ്ചത്തെ പറ്റി
നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ച് വിദ്യാർഥികൾക്ക് കണ്ടും കേട്ടും പഠിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് തവനൂർ ഗ്രാമപഞ്ചായത്ത്.
അറിവിന്റെ വിസ്മയ കാഴ്ചകളും പുതിയൊരു ലോകവുമാണ് കുരുന്നുകൾക്കിവിടെ അനുഭവിച്ചറിയുക.
പഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ടിൽനിന്ന് ഏഴ് ലക്ഷം രൂപ ചെലവിട്ട് കേളപ്പജി മെമ്മോറിയൽ ഗവ. യു.പി സ്കൂളിലാണ് പ്ലാനിറ്റോറിയം ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ തന്നെ ആദ്യത്തെ മിനി പ്ലാനിറ്റോറിയമാണ് കെ.എം.ജി.യു.പി.എസിലേത്.
വിവിധ വർക്കിങ് മോഡലുകൾ, സ്റ്റിൽ മോഡൽ,വീഡിയോ പ്രദർശനം,ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, ആകാശ കാഴ്ചകൾ എന്നിവയിലൂടെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പ്രപഞ്ചത്തെക്കുറിച്ചും വിശദമായ പഠനമാണ് മിനി പ്ലാനിറ്റോറിയത്തിലൂടെ ലഭ്യമാകും. ഇരുപത് അടി നീളവും വിതിയുമുളള രണ്ട് ക്ലാസ് മുറികളാണ് മിനി പ്ലാനിറ്റോറിയത്തിനായി ഉപയോഗിച്ചിരിക്കുന്നത്. തവനൂർ ഗ്രാമ പഞ്ചായത്തിലെ പത്തോളം സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ഈ മിനി പ്ലാനിറ്റോറിയത്തിന്റെ പ്രയോജനം ലഭ്യമാകും.