തൊടുപുഴ നഗരസഭ ജനകീയാരോഗ്യകേന്ദ്രം വെങ്ങല്ലൂര്‍ ഗാര്‍ഡിയന്‍ കണ്‍ട്രോള്‍സിന് എതിര്‍വശമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദീപക്ക് അധ്യക്ഷത വഹിച്ചു.

2021-2022 കേന്ദ്ര ആരോഗ്യ ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ജില്ലയിലെ ആദ്യ വെല്‍നസ് സെന്ററാണിത്. നഗരസഭയില്‍ നിലവില്‍ വെങ്ങല്ലൂര്‍, പഴുക്കാകുളം, കുമ്പംകല്ല് എന്നിവിടങ്ങളിലാണ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളത്. 1.33 കോടി രൂപയാണ് ഗ്രാന്റായി അനുവദിച്ചത്. കുമ്പംകല്ല് വെല്‍നസ് സെന്റര്‍ ഈ മാസാവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും. പഴുക്കാകുളം സെന്റര്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവര്‍ത്തനമാരംഭിക്കും.

വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം 6 മണിവരെയായിരിക്കും. ഡോക്ടര്‍, നഴ്സ് ഫാര്‍മസിസ്റ്റ്, ജെ എച്ച് ഐ, എന്നിവരുടെ സേവനങ്ങള്‍, ആവശ്യമരുന്നുകള്‍ എന്നിവയെല്ലാം സെന്ററില്‍ ലഭ്യമാണ്.
ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ കരീം, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്മാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.ശരത്ത് ജി റാവു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി പി എന്‍, ആര്‍എംഒ ഡോ. പ്രീതി, അര്‍ബന്‍ വെല്‍നസ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലൂസമ്മ, നഗരസഭാ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍ കുഞ്ഞ്, അര്‍ബന്‍ കോഓര്‍ഡിനേറ്റര്‍ കെവിന്‍ ജോര്‍ജ്, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.