താനൂരില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന താനൂര്‍ ചന്തപ്പറമ്പിലെ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. താനൂര്‍ നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി.

ചന്ത നടത്തുന്നതിന് മലബാർ ഡിസ്ട്രിക്ട് ബോർഡിൽനിന്ന് 1983 ല്‍ കരാർ അടിസ്ഥാനത്തിൽ വാങ്ങിയ ഭൂമിയാണ് ചന്തപ്പറമ്പ്. പിന്നീട് കരാര്‍ റദ്ദാക്കിയെങ്കിലും വ്യാജരേഖയുണ്ടാക്കി സ്വകാര്യവ്യക്തികൾ വർഷങ്ങളായി കൈവശം വെച്ചിരിക്കുകയായിരുന്നു ഇവിടം. ഒരു ഏക്കറും 74 സെന്റ് സ്ഥലവുമാണ് ഇവിടെ സർക്കാർ ഭൂമിയായുള്ളത്. ഇതില്‍ 38.5 സെന്റ് സ്ഥലം സര്‍ക്കാര്‍ തിരിച്ചു പിടിച്ചിട്ടുണ്ട്. ഈ ഭൂമിയിലാണ് ആദ്യ ഘട്ടത്തില്‍ കെട്ടിടം നിര്‍മിക്കുക. റീസര്‍വ്വേയിലെ അപാകതകള്‍ പരിഹരിച്ച് ബാക്കി ഭൂമി കൂടി തിരിച്ചു പിടിക്കും. ഇതിനായി പ്രത്യേകം സമയക്രമം തയ്യാറാക്കി മുന്നോട്ടു പോവും. ഫയര്‍ സ്റ്റേഷനിലേക്കും ഡി.വൈ.എസ്.പി ഓഫീസിലേക്കുമുള്ള റോഡ്  വികസിപ്പിക്കാന്‍ 10 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ നാല് പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കുന്നതിനായി ഏറ്റവും മികച്ച രീതിയില്‍ തന്നെ നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കും.  രണ്ടു മാസത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കും. പാലങ്ങളുടെ നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ അടുത്ത മാസം തന്നെ ആരംഭിക്കും. മണ്ഡലത്തിലെ അഞ്ച് ഹൈസ്കുള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് അനുമതിയായിട്ടുണ്ട്. എത്രയും പെട്ടെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

തീരദേശപാതയുമായി ബന്ധപ്പെട്ട് മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമാണ് മണ്ഡ‍ലത്തില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും. പാതയുടെ നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

താനൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, മറ്റു റവന്യു, പൊതുമരാമത്ത് വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.