മന്ത്രി വി. അബ്ദുറഹിമാൻ നിർമാണോദ്ഘാടനം നിർവഹിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ നിർമാണ പ്രവൃത്തികൾക്ക് സ്ഥല ലഭ്യത തടസ്സമാകുന്നുണ്ട്. എങ്കിലും ഒരേ സമയം പഠന പ്രവർത്തനങ്ങൾക്കും കായികപരമായ വളർച്ചയ്ക്കും വിഘാതമാകാത്ത തരത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഈ ആശയം മുൻ നിർത്തിയാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് കൂടി സ്‌കൂളിൽ തുടക്കം കുറിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 88 ലക്ഷം രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമാണം. നിലവിലെ കെട്ടിടത്തിനോട് സമാന്തരമായാണ് പുതിയ കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്. 276.81 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് മൂന്ന് നിലകളുണ്ടാകും. ഊരാളുങ്കലാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
സ്‌കൂളിൽ നടന്ന പരിപാടിയിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പോളാട്ട്, പി.ടി.എ പ്രസിഡന്റ് കെ.ടി ശശി, എസ്.എം.സി ചെയർമാൻ പി. മുസ്തഫ, മദേർസ് പി.ടി.എ ഷെറീന, പി.ടി.എ വൈസ് പ്രസിഡന്റ് പി. നിയാസ്, പ്രധാനധ്യാപകൻ വിനോദൻ മൂഴിക്കൽ, പ്രിൻസിപ്പൽ പി.വി ഷിജു എന്നിവർ സംസാരിച്ചു.