2023-24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി വ്യവസായ വകുപ്പും കോട്ടായി ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭകര്‍ക്കായി ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. പുതിയ സ്വയം തൊഴില്‍ സംരംഭങ്ങള്‍, പ്രോജക്ടുകള്‍, മൈക്രോ എന്റര്‍പ്രൈസസ് സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം കോട്ടായി എസ്.ബി.ഐ ബാങ്കില്‍ നിന്ന് മൂന്ന് പേര്‍ക്ക് പി.എം.ഇ.ജി.പി ലോണ്‍ അനുമതി പത്രം കൈമാറി.
പത്തിരിപ്പാല ബാങ്ക് ഓഫ് ബറോഡ, തേങ്കുറിശ്ശി കനറാ ബാങ്ക്, കോട്ടായി എസ്.ബി.ഐ, കോട്ടായി കനറാ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ക്ക് പി.എം.എഫ്.എം.ഇ പദ്ധതി ലോണ്‍ അനുമതി പത്രവും രണ്ട് പേര്‍ക്ക് സുവിധ ലോണ്‍ അനുമതി പത്രവും പഞ്ചായത്ത് ലൈസന്‍സ്, കെ-സ്വിഫ്റ്റ് അക്‌നോളജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ഉദ്യം രജിസ്‌ട്രേഷന്‍, എഫ്.എസ്.എസ്.എ.ഐ, പാക്കര്‍ ലൈസന്‍സ് എന്നിവയും നല്‍കി. ഒരു കുടുംബം ഒരു സംരംഭം പദ്ധതിയില്‍ പുതിയ അപേക്ഷ സ്വീകരിക്കുകയും ചെയ്തു.കോട്ടായി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര്‍ അനിത അധ്യക്ഷയായി. വാര്‍ഡംഗം മിനി മോള്‍, കോട്ടായി എസ്.ബി.ഐ ബാങ്ക് മാനേജര്‍ പി.എസ് ലത, കോട്ടായി കേരള ബാങ്ക് മാനേജര്‍ എ. ലാല്‍പുരി, കോട്ടായി സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധി ശ്യാം പ്രകാശ്, കുഴല്‍മന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. ദീപ എന്നിവര്‍ സംസാരിച്ചു.