പ്രത്യേക ദുര്‍ബല ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാർ നടപ്പാക്കുന്ന പി.എം ജന്‍മന്‍ പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ സംവദിച്ചു. ജില്ലയില്‍ കാട്ടുനായ്ക്ക വിഭാഗത്തിലെ 18,072 അംഗങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന പരിപാടിയിൽ പി.എം ജൻമൻ പദ്ധതി ഗുണഭോക്താക്കൾക്ക് ജില്ലാ കലക്ടർ ഡോ. രേണു രാജ് ആധികാരിക രേഖകൾ വിതരണം ചെയ്തു.

ആധാർ കാർഡ്, ആയുഷ് ഭാരത് കാർഡ്, പ്രധാനമന്ത്രി സുരക്ഷാ യോജന, വൻധൻ വികാസ് കേന്ദ്ര എന്നീ രേഖകളാണ് വിതരണം ചെയ്തത്. പരിപാടിയുടെ ഭാഗമായി സിക്കിൾ സെൽ പി.ഒ.സി സ്ക്രീനിംഗ്, പി. എം.ജെ.എ.വൈ ആയുഷ്മാൻ കാർഡ് ക്യാമ്പ്, സുരക്ഷാ ക്യാമ്പ്, കിസാൻ ക്രെഡിറ്റ് ക്യാമ്പ്, സാംസ്ക്കാരിക പരിപാടികൾ എന്നിവ നടന്നു. സബ് കലക്ടർ മിസൽ സാഗർ ഭരത്, ഡി.എം.ഒ പി ദിനീഷ്, ലീഡ് ബാങ്ക് ജില്ലാ മാനേജർ ബിപിൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു.