ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രജിസ്ട്രേഷന്‍ വകുപ്പ് കാലാനുസൃതമായ മാറ്റത്തിലേക്ക് കുതിക്കുകയാണെന്ന് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രജിസ്ട്രേഷന്‍ വകുപ്പ് ഡിജിറ്റൈസേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാരപ്പകര്‍പ്പുകളുടെ ഡിജിറ്റലൈസേഷനിലൂടെ വകുപ്പിന്റെ സേവനങ്ങള്‍ നവീകരിച്ച് വേഗത്തില്‍ നല്‍കുന്ന വിപ്ലവകരമായ മാറ്റമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് രേഖകളെല്ലാം വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ കഴിയും. വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാകും. ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായ കാസര്‍കോട്, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിവര്‍ഷം ശരാശരി 10 ലക്ഷം ആധാരങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു ആധാര രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ശരാശരി 10 പേരെങ്കിലും ഓഫീസില്‍ വരുമെന്ന് കണക്കാക്കിയാല്‍ ഒരു കോടി ആളുകള്‍ ഇതിനായി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്ന് സേവനം തേടുന്നുണ്ട്. ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാരപകര്‍പ്പ്, ചിട്ടി രജിസ്ട്രേഷന്‍, വിവാഹ രജിസ്ട്രേഷന്‍, സൊസൈറ്റി രജിസ്ട്രേഷന്‍, പാര്‍ട്ട്ണര്‍ഷിപ്പ് ഫേമുകളുടെ രജിസ്ട്രേഷന്‍ എന്നീ സേവനങ്ങള്‍ ഇതിന് പുറമെയും രജിസ്ട്രേഷന്‍ വകുപ്പ് നല്‍കി വരുന്നു. ഇത്രയും വിപുലമായ സേവനപ്രദാനം കാര്യക്ഷമമാക്കാനും, കാലതാമസം ഒഴിവാക്കാനും, അഴിമതി വിമുക്തമാക്കാനുമാണ് വകുപ്പില്‍ കമ്പ്യൂട്ടര്‍വത്ക്കരണത്തിന് തുടക്കം കുറിച്ചതെന്നും മന്ത്രി പറഞ്ഞു.
വകുപ്പിലെ മുന്‍ ആധാര വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി 2018-19-ല്‍ ‘അനശ്വര’ എന്ന പേരില്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പദ്ധതി നിലവില്‍ 7 ജില്ലകളില്‍ പൂര്‍ത്തിയാക്കുകയും വടക്കന്‍ ജില്ലകളില്‍ പദ്ധതി പുരോഗമിക്കുകയും ചെയ്യുന്നു.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണ്ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായണ് ‘എന്റെ ഭൂമി’ എന്ന ഡിജിറ്റല്‍ സര്‍വ്വെ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ എം.രാജഗോപാലന്‍, ഇ.ചന്ദ്രശേഖരന്‍, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി.