സംസ്ഥാന തലത്തില്‍ 3,67,867 ലൈഫ് ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു

വികസനത്തിലും ജനക്ഷേമത്തിലും രാഷ്ട്രീയമില്ലെന്നും മന്ത്രി

അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസത്തിന്റെ തെളിനീര്‍ നല്‍കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതരുടെ പുനരധിവാസത്തിനായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഭൂമി വാങ്ങുന്നതിന് 68 പേര്‍ക്ക് അനുവദിച്ച ധനസഹായം വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിദരിദ്രരും അഗതികളുമില്ലാത്ത സംസ്ഥാനത്തെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഇതുവരെ സംസ്ഥാന തലത്തില്‍ 3,67,867 ലൈഫ് ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ 14,216 ലൈഫ് ഭവനങ്ങള്‍ പൂര്‍ത്തിയാക്കി. മനുഷ്യായുസ്സിലെ വീടെന്ന സ്വപ്നം കയ്യെത്തി പിടിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുകയാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജാതിയും മതവും രാഷ്ട്രീയവുമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തിന്റെ പുറത്താണ് വിവിധ വകുപ്പുകള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.

കേവലം ഭവനനിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കുക എന്നതിലുപരിയായി ഗുണഭോക്താക്കള്‍ക്ക് മറ്റ് പദ്ധതികളുടെ ആനുകൂല്യങ്ങളും മുന്നോട്ടുള്ള ജീവിതത്തില്‍ സ്വന്തമായി തൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കള്‍ക്ക് ഭൂമി വാങ്ങിക്കുന്നതിന് 68 പേര്‍ക്ക് മൂന്ന് സെന്റ് ഭൂമി വാങ്ങുവാന്‍ 1.5 ലക്ഷം രൂപ നല്‍കിയ ചിറ്റിലപ്പള്ളി ഫൗണ്ടേഷനെ മന്ത്രി അഭിനന്ദിച്ചു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മികച്ച ജീവകാരുണ്യ പ്രവര്‍ത്തനമാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നടത്തിയതെന്ന് എം.എല്‍.എ പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വിശിഷ്ടാതിഥികളായി. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.വത്സന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ.എ.പി.ഉഷ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി, പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയന്തി, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.ഭാരതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ് എന്നിവര്‍ സംസാരിച്ചു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതവും കാസര്‍കോട് പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ ടി.വി സുഭാഷ് നന്ദിയും പറഞ്ഞു. ലൈഫ് ഗുണഭോക്താക്കളും അവര്‍ക്ക് ഭൂമി നല്‍കിയ സ്ഥലം ഉടമകളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. മന്ത്രിയായതിനു ശേഷം ആദ്യമായി ജില്ലാ ആസ്ഥാനത്തെത്തിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ജില്ലാ കളക്ടര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.

ഫോട്ടോ ആസൂത്രണ സമിതി ഹാളില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതരുടെ പുനരധിവാസത്തിനായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഭൂമി വാങ്ങുന്നതിന് 68 പേര്‍ക്ക് അനുവദിച്ച ധനസഹായം വിതരണം രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു