പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നൽകാന്‍ ജില്ല ഭരണസംവിധാനം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഡി.സി കണക്ട് പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു.
കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, കാസര്‍കോട് ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കപില്‍ ദേവ്, നോഡല്‍ ഓഫീസര്‍ പി.ഷിബു എന്നിവര്‍ പങ്കെടുത്തു.
പരാതികള്‍ വിരല്‍ത്തുമ്പിലൂടെ കളക്ടര്‍ക്ക് മുന്നിലെത്തിക്കാം
ഡിസി കണക്ട് എന്ന പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ജില്ലാ കളക്ടറേറ്റിലേക്ക് നേരില്‍ എത്താതെ തന്നെ കളക്ടര്‍ക്ക് പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സേവനം ഒരുക്കിയിരിക്കുകയാണ് ജില്ലാ ഭരണസംവിധാനം. edistrict.kerala.gov.in എന്ന സൈറ്റില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയോ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്‌തോ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.
ലഭിക്കുന്ന പരാതികള്‍ക്ക് 28 ദിവസത്തിനകം മറുപടി ലഭിക്കും. ഉപഭോക്താവിന് ലഭിച്ചിരിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ആദ്യം അയച്ച പരാതി രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് പരാതി പുനര്‍സമര്‍പ്പിക്കാവുന്നതാണ്. പുനര്‍ സമര്‍പ്പിക്കപ്പെടുന്ന പരാതികള്‍ കളക്ടര്‍ നേരിട്ട് ഹിയറിങ് നടപടികള്‍ സ്വീകരിച്ചു ഉപഭോക്താവിന് മറുപടി നല്‍കും.