ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി താലൂക്ക്ആസ്ഥാന ആശുപത്രിയിൽ പാലിയേറ്റീവ് കെയർ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും വൊളന്റിയർ പരിശീലനവും സംഘടിപ്പിച്ചു. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന ഈ വർഷത്തെ ദിനാചരണ പ്രമേയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അനീഷ് ബി നായർ ഉദ്ഘാടനം നിർവ്വഹിച്ചു. ബത്തേരി താലൂക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ കെ വി സിന്ധു അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി.ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ പി എസ് സുഷമ പ്രമേയ പ്രഭാഷണം നടത്തി.

‘പാലിയേറ്റീവ് കെയറും രോഗിയും കുടുംബവുമായുള്ള ഫലപ്രദമായ ഇടപഴകലും’, പാലിയേറ്റീവ് കെയർ പരിചാരകർക്കുള്ള നഴ്സിംഗ് സ്കില്ലുകൾ എന്നീ വിഷയങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ ഫാക്കൽട്ടി മെമ്പർ സെയ്ഫ് മുഹമ്മദ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ കെയർ കോ ഓഡിനേറ്റർ മീന കുമാരിയും എന്നിവർ പരിശീലനം നൽകി.

ജില്ലയിൽ പാലിയേറ്റീവ് മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ പാലിയേറ്റീവ് യൂണിറ്റുകളെയും പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, മാനന്തവാടി സ്പന്ദനം പാലിയേറ്റീവ് കെയർ പ്രസിഡൻറ് ഫാദർ വർഗീസ് മറ്റമന, പാലിയേറ്റീവ് കോഓഡിനേഷൻ കമ്മറ്റി പ്രസിഡൻറ് പി അസൈനാർ, സെക്രട്ടറി എം വേലായുധൻ, പാലിയേറ്റീവ് ജില്ലാ കോ ഓഡിനേറ്റർ പി സ്മിത എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പാലിയേറ്റീവ് വളണ്ടിയർമാർ പങ്കെടുത്തു.