പ്രകൃതിജന്യ ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെ സ്വാഭാവിക ഉറവിടങ്ങളെല്ലാം സംരക്ഷിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എംസി റോഡിന് അരികിലായുള്ള പൊലിക്കോട് ചിറയുടെ നവീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലഭ്യമാക്കുന്ന ഭൂപ്രദേശങ്ങള്‍ കായിക വിനോദങ്ങള്‍ക്കും വ്യായാമത്തിനും വിനിയോഗിക്കാന്‍ കഴിയും വിധം സംരക്ഷിക്കും. പഞ്ചായത്തുകളിലെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും എന്നും വ്യക്തമാക്കി.ചിറയിലെ വെള്ളം വറ്റിച്ച് ചെളി, പായല്‍ എന്നിവ നീക്കം ചെയ്തും നിലവിലുള്ള അടിസ്ഥാനം ഉള്‍പ്പെടെയുള്ള കെട്ട് പൊളിച്ചുമാറ്റിയുമാണ് ചിറ ആധുനികവത്ക്കരിച്ചത്. 30 മീറ്റര്‍ നീളത്തിലും 23 മീറ്റര്‍ വീതിയിലും 10 അടി ഉയരത്തിലുമാണ് കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മ്മിച്ചത്.

പൊതുജനങ്ങള്‍ക്ക് കുളത്തിലേക്ക് എത്തുന്നതിനായി 54 മീറ്റര്‍ നീളത്തിലും 3 മീറ്റര്‍ വീതിയിലുമുള്ള നടപ്പാത ഇന്റര്‍ലോക്ക് പാകി ചിറയുടെ വശങ്ങളില്‍ സ്റ്റീല്‍ ഹാന്‍ഡ് റെയില്‍ പാകി സൗന്ദര്യവത്കരണവും നടത്തിയിട്ടുണ്ട്.

ചെറുകിട ജലസേചന വകുപ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരം അനുവദിച്ച 44 ലക്ഷം രൂപയാണ് ചെലവഴിച്ചത്. മൈനര്‍ ഇറി?ഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം. കൊട്ടാരക്കര ആയൂര്‍ എംസി റോഡില്‍ പൊലിക്കോട് ജംഗ്ഷന് അരികിലായിട്ടാണ് പതിറ്റാണ്ടുകളുടെ ശേഷിപ്പായ പൊലിക്കോട് ചിറ.