- മെയ്ക്ക് ഇൻ ഇന്ത്യയിലെ അവിഭാജ്യഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നു
- കൊച്ചിൻ ഷിപ്പ് യാർഡിന്റെ 4000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
രാജ്യത്തിന്റെ പൊതുവായ വികസനത്തിൽ കേരളം നൽകുന്നത് മികച്ച പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഉദാത്തമായ മാതൃകയാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ. മെയ്ക്ക് ഇൻ ഇന്ത്യയിലെ അവിഭാജ്യഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നതിന്റെ മറ്റൊരു ഉദാഹരണവും കൂടിയാണിത്. കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടി രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഡ്രൈ ഡോക്കിന്റെയും അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയുടെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഇറക്കുമതി ടെർമിനലിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
നാലായിരം കോടി രൂപയുടെ പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ നിന്ന് രാജ്യത്തിനാകെ സമർപ്പിക്കുന്നുവെന്നത് നാടിനാകെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡ്രൈ ഡോക്കിലും അന്താരാഷ്ട്ര റിപ്പയറിങ് ഫെസിലിറ്റിയിലും രണ്ടായിരം വീതം തൊഴിലവസരങ്ങൾ ലഭിക്കും. ആകെ നാലായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾ ഇന്ന് ഇന്ത്യയിൽ മാത്രമല്ല ലോകത്താകെ ശ്രദ്ധയാർജിക്കുകയാണ്. ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ച ചാന്ദ്രയാൻ 3 മിഷനിലും ആദിത്യ മിഷനിലും കേരളത്തിൽ നിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്. ചന്ദ്രയാൻ 3 മിഷനിൽ കേരളത്തിൽ നിന്നുള്ള ആറ് പൊതുമേഖലാ സ്ഥാപനങ്ങളും ഇരുപതോളം എം എസ് എം ഇ സ്ഥാപനങ്ങളുമാണ് പങ്കാളികളായത്. ആ ആദിത്യ മിഷനിൽ കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ സ്ഥാപനങ്ങളാണ് പങ്കാളികളായത്. കേരളത്തിന് അഭിമാനിക്കാൻ വകയുള്ള നേട്ടങ്ങളാണിവ. ചന്ദ്രയാൻ 3 ൽ ഉപയോഗിക്കപ്പെട്ട 41 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ നിർമ്മിച്ചു നൽകിയത് കെൽട്രോൺ ആണ്. കെ എം എം എല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയികളാണ് ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കൽ കംപോണന്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചത്. ടൈറ്റാനിയം, അലുമിനിയം ഫോർജിംഗുകളും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിച്ചു നൽകിയത് സ്റ്റീൽ ആന്റ് ഫോർ ജിംഗ്സ് ലിമിറ്റഡ് ആണ്. ആവശ്യമായ സോഡിയം ക്ലോറൈറ് ക്രിസ്റ്റലുകൾ ലഭ്യമാക്കിയത് ടി.സി.സി. ആണ്. ആവശ്യമായ മെഷീൻ കംപോണൻസ് നിർമ്മിച്ചു നൽകിയത് കെ എ എല്ലും സിഡ്കോയും ആണ്.
ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 വിക്ഷേപിച്ച പി എസ് എൽ വി റോക്കറ്റിൽ കെൽട്രോണിൽ നിർമ്മിച്ച 38 ഇലക്ട്രോണിക്സ് മോഡ്യൂളുകളാണ് ഉപയോഗിച്ചത്. ഇതുകൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡ്യൂളുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോണാണ് നൽകിയത്. റോക്കറ്റിന്റെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയത് എസ് ഐ എഫ് എല്ലാണ്.
മിഷന് ആവശ്യമായി വന്ന 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ലഭ്യമാക്കിയത് ടി സി സിയാണ്. റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിന് ആവശ്യമായ വിവിധതരം ഘടകങ്ങൾ ലഭ്യമാക്കിയതാകട്ടെ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണ്. ഇങ്ങനെ ഇന്ത്യയുടെ യശസ്സ് അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തുന്നതിൽ കേരളത്തിലെ വ്യവസായ സംരംഭങ്ങൾ, പ്രത്യേകിച്ച് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ, വലിയ പങ്കാണ് വഹിക്കുന്നത്.
അതിന്റെ മികച്ച ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി ഈ കൊച്ചിൻ ഷിപ് യാർഡ് തന്നെ ഉദ്പാദിപ്പിക്കുന്ന അത്യാധുനിക, പ്രകൃതി സൗഹൃദ ബോട്ടുകൾ. അവയുടെ രൂപകല്പനയിലും നിർമ്മാണത്തിലും വാട്ടർ മെട്രോയും ഷിപ് യാർഡും നല്ല നിലയിൽ സഹകരിച്ചിട്ടുണ്ട്. പൊതുമേഖലാ സഹകരണത്തിന്റെ ഉദാത്ത മാതൃകയാണത്. അതുകൊണ്ടുതന്നെ, ഇന്ന് അവയെ തേടി ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ ആവശ്യക്കാർ എത്തുന്നു എന്നത് കേരളത്തിനാകെ അഭിമാനകരമാണ്.
കൊച്ചിൻ ഷിപ് യാർഡ് ഐ ഒ സി എല്ലിലും ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ പദ്ധതികൾ രാജ്യത്തിന്റെയാകെ പുരോഗതിക്ക് വഴിവെക്കട്ടെ എന്ന് ആശംസിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിയിൽ കേരളം വഹിക്കുന്ന പങ്കിനെക്കുറിച്ച് കേരളീയർക്കെല്ലാം അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഇൻറർനാഷണൽ ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയിലെ ഷിപ്പ് ലിഫ്റ്റിംഗ് പ്ലാറ്റ്ഫോം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സുനോവാൾ, ശ്രീപദ് യശോ നായിക്, ശന്തനു താക്കൂർ, വി. മുരളീധരൻ, ഹൈബി ഈഡൻ എംപി എന്നിവർ പങ്കെടുത്തു.