എളനാടിന്റെയും സമീപപ്രദേശങ്ങളിലെയും വോള്‍ട്ടേജ് ക്ഷാമത്തിന് എളനാട് 33 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിലൂടെ ശ്വാശ്വത പരിഹാരമാകുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക വികസനം- ദേവസ്വം- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. എളനാട് 33 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനവും 33 കെ വി പഴയന്നൂര്‍ – ചേലക്കര പുതിയ ലൈനിന്റെ വൈദ്യുതീകരണവും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക ഗ്രാമമായ എളനാടിന്റെ ആവശ്യം മനസ്സിലാക്കിയാണ് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഇടപെടലിലൂടെ വേഗത്തില്‍ സബ്‌സ്റ്റേഷന്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ആവശ്യമായ അഞ്ച് സെന്റ് സ്ഥലം വിട്ടുനല്‍കി. ആധുനിക സാങ്കേതിവിദ്യാ പ്രയോജനപ്പെടുത്തി കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉത്പാദനക്ഷമതയുള്ള സബ്‌സ്റ്റേഷനാണ് ഒരുക്കുന്നത്. എത്രയും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുത പ്രസരണ വിതരണ ശൃംഖല ശക്തിപ്പെടുത്തി പ്രസരണ രംഗത്ത് കൂടുതല്‍ സബ്‌സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ചേലക്കര 33 കെ വി, പഴയന്നൂര്‍ 110 കെ വി സബ് സ്റ്റേഷനുകളെയാണ് പ്രദേശത്തെ വൈദ്യുതി ആവശ്യമായി ഉപയോഗിക്കുന്നത്. എളനാട് 33 കെ വി സബ്‌സ്റ്റേഷന്‍ വരുന്നതോടെ പ്രദേശത്തിന് ആവശ്യമായ വൈദ്യുതി, വോള്‍ട്ടേജ് എന്നിവ ക്ഷാമം ഇല്ലാതെ ലഭ്യമാക്കാനാകും. കാര്‍ഷിക ഗ്രാമമായ എളനാട്ടിലെയും സമീപപ്രദേശങ്ങളിലെയും ജലസേചന പ്രശ്‌നങ്ങള്‍ക്കും പുതിയ സബ്‌സ്റ്റേഷന്‍ പരിഹാരം കാണും. 4.98 കോടി രൂപ ചെലവഴിച്ചാണ് 33 കെ വി ലൈനും അഞ്ച് എം വി എ ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെ 33 കെ വി ആര്‍ എം യു സബ്‌സ്റ്റേഷന്‍ എളനാട്ടില്‍ സ്ഥാപിക്കുന്നത്. പഴയന്നൂര്‍, ചേലക്കര, മുള്ളൂര്‍ക്കര, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തുകളിലായി 50000 ഉപഭോക്താക്കള്‍ക്ക് പദ്ധതി വഴി വൈദ്യുതി ഉറപ്പാക്കും.
എളനാട് ഇ കെ നായനാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായി. ട്രാന്‍സ്മിഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ ദിനേശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എസ് ഇ ബി ലിമിറ്റഡ് ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ എസ് ശിവദാസ്, ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ സന്തോഷ്, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ആര്‍ മായ, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലത സാനു, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി ശ്രീകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.