തലപ്പിള്ളി താലൂക്കിലെ കെ – സ്റ്റോറിന്റെ മൂന്നാംഘട്ട ഉദ്ഘാടനം പട്ടികജാതി – പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചേലക്കര പുലാക്കോട് പ്രവര്‍ത്തിക്കുന്ന 193-ാം നമ്പര്‍ റേഷന്‍ കടയാണ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ-സ്റ്റോറായി പ്രവര്‍ത്തനമാരംഭിച്ചത്. ചേലക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലില്‍ അധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ് മുഖ്യാതിഥിയായി.
റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയും കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പദ്ധതിയാണ് കെ – സ്റ്റോര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച കെ – സ്റ്റോര്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ 195 റേഷന്‍ കടകള്‍കൂടി കെ – സ്റ്റോറുകളായി ഉയര്‍ത്തും.
സാധാരണ ലഭിക്കുന്ന റേഷന്‍ സാധനകള്‍ക്ക് പുറമെ ശബരി ബ്രാന്റ് ഉത്പ്പന്നങ്ങള്‍, അഞ്ച് കിലോ ഗ്രാം തൂക്കമുള്ള ചോട്ടു പാചക വാതക സിലിണ്ടറുകള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, എം.എസ്.എം.ഇ ഉത്പ്പന്നങ്ങള്‍, യൂട്ടിലിറ്റി പേയ്‌മെന്റ് സേവനങ്ങള്‍ എന്നിവ കെ – സ്റ്റോര്‍ മുഖേന ജനങ്ങള്‍ക്ക് ലഭ്യമാക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ആര്‍ മായ, തലപ്പിള്ളി സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് സൈമണ്‍ ജോസ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എസ്. സരിത, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.