കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ-സ്റ്റോര്‍ പി ടി എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതുവിതരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കാൻ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് കുരിക്കത്തൂരില്‍  കെ-സ്റ്റോര്‍ സൗകര്യം  ഏര്‍പ്പെടുത്തിയത്.
റേഷന്‍ കടകളുടെ പശ്ചാത്തല സാഹചര്യങ്ങള്‍ വർധിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ സേവന സൗകര്യങ്ങള്‍ ഒരുക്കിയും സപ്ലൈകോ, മില്‍മ എന്നിവയുടെ ഉൽപ്പന്നങ്ങള്‍, ബാങ്കിംഗ് ഓണ്‍ലൈന്‍ സേവനങ്ങള്‍, അഞ്ച് കിലോ ഗ്രാമിന്‍റെ ചോട്ടുഗ്യാസ് തുടങ്ങിയവ ലഭ്യമാക്കിയുമാണ് കെ-സ്റ്റോര്‍ പദ്ധതി നടപ്പിലാക്കുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു സി പ്രീതി അധ്യക്ഷയായി.  ജനപ്രതിനിധികൾ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ കെ മനോജ് കുമാര്‍ സ്വാഗതവും റേഷനിംഗ്  ഇന്‍സ്പെക്ടര്‍ പി വിഗീഷ് നന്ദിയും പറഞ്ഞു.