_ആദ്യദിനം നൽകിയത് 356 ആധികാരിക രേഖകൾ_

എല്ലാ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ നൽകി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്കുമേന്റേഷൻ (എ.ബി.സി.ഡി) ക്യാമ്പിന് ജില്ലയിൽ തുടക്കമായി. അമരമ്പലം സബർമതി കൺവെൻഷൻ സെന്ററിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ഡി.രഞ്ജിത്ത് നിർവഹിച്ചു.

ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട 356 പേര്‍ക്ക് ക്യാമ്പിൽ ആധികാരിക രേഖകളുടെ സേവനങ്ങൾ ലഭ്യമാക്കി. ആധാർ കാർഡ്, റേഷൻ കാർഡ് ഉൾപ്പെടെയുളള അടിസ്ഥാന രേഖകൾ ക്യാമ്പില്‍ വിതരണം ചെയ്തു. ആധാർ സേവനങ്ങൾ (129 എണ്ണം), റേഷൻ കാർഡ് (60), ഇലക്ഷൻ ഐഡി (49), ജനന സർട്ടിഫിക്കറ്റ് (22), ആരോഗ്യ ഇൻഷുറൻസ് (39), എംപ്ലോയ്മെന്റ് കാർഡ് (39), ബാങ്ക് അക്കൗണ്ട് (18) എന്നിങ്ങനെയാണ് ക്യാമ്പിൽ നിന്നും ഗോത്രവർഗ്ഗത്തിന് ലഭിച്ച സേവനങ്ങൾചടങ്ങിൽ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. നിലമ്പൂർ തഹസിൽദാർ എ.പി സിന്ധു, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ ശ്രീരേഖ, അക്ഷയ ആന്റ് ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ജി ഗോകുൽ, അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത രാജു, വില്ലേജ് ഓഫീസർ ഷിബു, ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.

അമരമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ബി സനീഷ് കുമാർ സ്വാഗതവും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മധു നന്ദിയും പറഞ്ഞു.  തദ്ദേശ വകുപ്പ്, പട്ടികവർഗ വകുപ്പ്, ഐടി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.