വിവരാവകാശ അപേക്ഷകളിൽ നിയമപരമായും സമയബന്ധിതമായും മറുപടി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. അടിസ്ഥാന വിവരങ്ങൾ അടങ്ങുന്ന ഫയലുകൾ ലഭ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ.എം.എസ് ചെയർ ഹാളിൽ നടന്ന വിവരാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ജനങ്ങളുടെ അവകാശമാണ്. ജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ പൗരന് അവകാശമുണ്ടെന്നും വകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വമേധയാ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിങ്ങിൽ 13 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു. ഇതിൽ 10 എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുകയും മൂന്നെണ്ണം അടുത്ത ഹിയറിങ്ങിലേക്ക് മാറ്റുകയും ചെയ്തു.
കണ്ണൂർ ഏഴിമല നാവിക അക്കാദമിയിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ സമർപ്പിച്ച അപേക്ഷയിൽ,വിവരങ്ങളടങ്ങിയ ഫയൽ അടുത്ത ഹിയറിങ്ങിൽ കമ്മീഷൻ മുമ്പാകെ ഹാജരാക്കണമെന്ന് പി.ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പദ്ധതിയായതിനാൽ ഫയൽ കാണുന്നില്ല എന്ന മറുപടി തൃപ്തികരമല്ലെന്നും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാവാതിരുന്ന കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിന് തിരുവനന്തപുരത്ത് എത്തി കമ്മീഷൻ മുൻപാകെ ഹാജരാവുന്നതിന് സമൻസ് അയക്കാൻ തിരുമാനിച്ചു.
പട്ടയം നൽകിയപ്പോൾ ബന്ധപ്പെട്ട ഓഫീസിൽ സൂക്ഷിച്ച സ്കെച്ച് ലഭ്യമാക്കുന്നതിന് നൽകിയ അപേക്ഷ നിലമ്പൂർ, ഏറനാട് താലൂക്ക് പരിധിയിൽ ഉൾപ്പെട്ടതിനാൽ ഈ പ്രശ്നത്തിൽ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ട് വിവരം ലഭ്യമാക്കാൻ കമ്മീഷൻ നിർദേശിച്ചു. വിവരാവകാശ രേഖയിൽ വിവരം ലഭ്യമാക്കാൻ നാല് മാസത്തോളം കാലതാമസം വരുത്തിയ ആലിപറമ്പ് പി.എച്ച്.എസിയിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ അപേക്ഷകന്റെ ആവശ്യപ്രകാരം സെക്ഷൻ 20 പ്രകാരം ശിക്ഷാ നടപടി സ്വീകരിച്ചു. പൊന്നാനി ബി.ആർ സി യിലെ സ്കൂളുകളുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിവരങ്ങൾ ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിൽ വിവരം ലഭ്യമാക്കാത്ത ഈശ്വരമംഗലം ന്യൂ യു പി സ്കൂളിന്റെ വിവരങ്ങൾ ഒരാഴ്ച്ചകകം അപേക്ഷകന് ലഭ്യമാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു