വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ  അച്ചനള  കോളനിയിലെ ചോലനായ്ക്ക വിഭാഗത്തിലെ ഊരുമൂപ്പൻ മാതന്റെ ആധാർ കാർഡ് എന്ന സ്വപ്നം പൂവണിയുന്നു. ഏഷ‍്യയിലെ ഏക ഗുഹാവാസികളായ ഇവരിൽ പലർക്കും അടിസ്ഥാന രേഖകളില്ല. ഇതോടെ വാർദ്ധക്യകാല പെൻഷനടക്കം അപേക്ഷിക്കാൻ കഴിയാതെ വന്നു.

കാട്ടിലെത്തുന്ന ഉദ്യോഗസ്ഥരോടോ നാട്ടുകാരോടോ എന്തെങ്കിലും ആശയവിനിമയം നടത്താൻ മാതനെപ്പോലെ ഏതാനും പേർ മാത്രമേയുള്ളു.  കാട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും ഇവരെ കാണാനും കഴിഞ്ഞില്ല.

ആധാറിനും മറ്റ് രേഖകൾക്കുമായാണ് മാതനും കാടനും അമരമ്പലം സബര്‍മതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റേഷൻ ജില്ലാതല ക്യാമ്പിൽ എത്തുന്നത്. വെറും കൈയോടെ  എത്തിയ മാതൻ തിരികെ പോകുന്നത് തൊഴിൽ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളുമായാണ്. ഇനി ലഭിക്കാനുള്ളത് ആധാർ മാത്രം. അതും വൈകാതെ ലഭിക്കും.

വർഷങ്ങൾക്ക് മുമ്പ് ആധാർ കാർഡ് എടുത്തിരുന്നെങ്കിലും അത് നഷ്ടപ്പെട്ടു. ആധാർ വീണ്ടെടുക്കാൻ ഐ.ടി.ഡി.പി ഉദ്യോഗസ്ഥരുടെയും അക്ഷയ പ്രതിനിധികളുടെയും നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വർഷങ്ങളായി ആധാറിനായുള്ള പോരാട്ടത്തിലായിരുന്നു ഇദ്ദേഹം.

അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്തുനിന്ന് 20 കിലോമീറ്റർ അകലെ ഉൾവനത്തിലാണ് മാതനടക്കം 8 കുടുംബങ്ങളിലായി 23 പേർ കഴിയുന്നത്. പൊതുവേ വനവിഭവങ്ങൾ കഴിച്ച് ഉൾവനങ്ങളിലെ ഗുഹകളിൽ മാറിമാറി കഴിയുന്ന പ്രാക്തന ഗോത്രവിഭാഗക്കാരാണ് ഇവർ. ചോലനായ്ക്കർ പുറംലോകത്തേക്ക് വരാറുമില്ല.

പുറംലോകവുമായി ഇവരെ കണ്ണി ചേർക്കുന്നത് വനം, ആരോഗ്യ, പട്ടികവ‌ർഗ വകുപ്പ്, ഐ.ടി.ഡി.പി,  ഉദ്യോഗസ്ഥരാണ്. ഇവരുടെ നിരന്തര ഇടപെടലാണ് മാതനെ പോലുള്ള  ഗോത്ര വിഭാഗക്കാർ ക്യാമ്പിലെത്താൻ കാരണം.