നിര്‍ദേശങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സമര്‍പ്പിച്ചു

ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്സ് സമ്മിറ്റ് കേരള-2024 ന്റെ ഭാഗമായി പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു. പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ കളിസ്ഥലം നവീകരിക്കുക, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനാകുന്ന വിധത്തില്‍ പഞ്ചായത്തിലെ പൊതുകുളങ്ങള്‍ നവീകരിക്കുക എന്നീ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.

സ്ഥലലഭ്യതയ്ക്കനുസരിച്ച് ആബാലവൃദ്ധം ജനങ്ങള്‍ക്കും എത്തിച്ചേരാവുന്ന വിധത്തില്‍ ഓപ്പണ്‍ജിം, റോഡില്‍നിന്ന് ഉയര്‍ന്നതലത്തില്‍ നടപ്പാത എന്നിവ നിര്‍മിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി സ്‌കൂളായ സര്‍വജന സ്‌കൂള്‍ മൈതാനം സ്‌കൂള്‍ സമയം കഴിഞ്ഞ് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണമെന്നും സര്‍വജന സ്‌കൂളില്‍ സ്ഥിരമായ കായിക അധ്യാപകനെ നിയമിക്കണമെന്നും ആവശ്യമുയര്‍ന്നു.വേനലവധിക്കാലത്ത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ വിവിധ കായിക ഇനങ്ങളുടെ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങിയ ഇനങ്ങളില്‍ നിരവധി ക്ലബ്ബുകള്‍ കേരളോത്സവത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാല്‍ സ്ഥലസൗകര്യം ലഭ്യമാകുന്നതിനനുസരിച്ച് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന് സമര്‍പ്പിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി കണ്ണദാസ് പദ്ധതി വിശദീകരണം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ സുനിതാ കുമാരി, ഹെഡ്ക്ലാര്‍ക്ക്, വിവിധ സ്‌കൂളുകളിലെ പി.ടി.എ പ്രതിനിധികള്‍, പരിശീലകര്‍, കായികതാരങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.