കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ 2023 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനിൽ 32.70 ശതമാനം വർധന. 2022ൽ 159 പുതിയ പ്രൊജക്റ്റുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 211 പുതിയ പ്രൊജക്റ്റുകളാണ്. ആകെ 191 റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകൾ 2023ൽ പൂർത്തീകരിക്കുകയും ചെയ്തു.

2023ൽ റെസിഡൻഷ്യൽ അപാർട്ട്മെന്റ് റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകൾക്കാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ വന്നിരിക്കുന്നത്- 122 എണ്ണം. 56 വില്ല പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനും കഴിഞ്ഞ വർഷം വന്നിട്ടുണ്ട്.  21 പ്ലോട്ടുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കൊമേഴ്സ്യൽ കം റെസിഡൻഷ്യൽ പ്രൊജക്റ്റുകൾ 12 എണ്ണമാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂണിറ്റ് അടിസ്ഥാനത്തിലുള്ള എണ്ണം ഇങ്ങനെ:  റെസിഡൻഷ്യൽ അപാർട്ട്മെന്റ്- 7362, വില്ല- 1181, പ്ലോട്ട് – 1623, കൊമേഴ്സ്യൽ പ്രൊജക്റ്റ്  – 56 2023ൽ 15,14,746.37 ചതുരശ്ര മീറ്റർ ബിൽട്ട് അപ് ഏരിയ രജിസ്റ്റർ ചെയ്തു. അതിൽ 17103.61 ചതുരശ്ര മീറ്ററും കൊമേഴ്സ്യൽ ഏരിയയാണ്. ആകെ 8587 റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ വിറ്റു പോയിട്ടുണ്ട്. 2023 ൽ ഏകദേശം 68 ശതകോടി (ബില്യൺ) രൂപയുടെ പുതിയ പ്രൊജക്റ്റുകൾ രജിസ്റ്റർ ചെയ്തു.

പ്രൊജക്റ്റുകളും യൂണിറ്റുകളും ജില്ല അടിസ്ഥാനത്തിൽ

ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്‌ട്രേഷൻ നടന്നിരിക്കുന്നത് എറണാകുളം ജില്ലയിലാണ്- 78 എണ്ണം (2787 യൂണിറ്റുകൾ). തിരുവനന്തപുരം ജില്ല (51) യാണ് രജിസ്ട്രേഷനിൽ രണ്ടാം സ്ഥാനത്തുള്ളത് (2701 യൂണിറ്റുകൾ). കഴിഞ്ഞ വർഷം ഒരു രജിസ്ട്രേഷനും നടക്കാത്ത ജില്ലകൾ വയനാടും കാസർഗോഡുമാണ്. ആലപ്പുഴ (79 യൂണിറ്റുകൾ), പത്തനംതിട്ട (41 യൂണിറ്റുകൾ), കൊല്ലം (15 യൂണിറ്റുകൾ), ഇടുക്കി (12 യൂണിറ്റുകൾ) ജില്ലകളിൽ ഓരോ രജിസ്ട്രേഷൻ വീതമാണ് നടന്നിട്ടുള്ളത്.  മറ്റു ജില്ലകളിലെ രജിസ്ട്രേഷൻ ഇങ്ങനെ: കോട്ടയം-11 (444 യൂണിറ്റുകൾ), തൃശ്ശൂർ-25 (1153 യൂണിറ്റുകൾ), പാലക്കാട്-24 (404 യൂണിറ്റുകൾ), കോഴിക്കോട്-14 (723 യൂണിറ്റുകൾ), കണ്ണൂർ-3 (128 യൂണിറ്റുകൾ).