സംയുക്ത പദ്ധതി രൂപീകരണം ചര്‍ച്ച ചെയ്തു
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടുത്ത വാര്‍ഷിക പദ്ധതിയില്‍ ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന സംയുക്ത പദ്ധതികള്‍ ചര്‍ച്ച ചെയ്തു. നടപ്പ് വര്‍ഷത്തെ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. ജില്ലയില്‍ മാലിന്യ സംസ്‌കരണത്തിന് ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തും.
കഴിഞ്ഞ ജില്ലാ ആസൂത്രണ സമിതി യോഗ നടപടി പ്രകാരമുള്ള തുടര്‍നടപടികളുടെ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവിലുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ സര്‍ക്കാരിലേക്ക് അറിയിച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച്, നിലവില്‍ ഏഴ് ഒഴിവുകളാണ് ജില്ലയിലുള്ളതെന്നും ഇതില്‍ രണ്ട് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. എഞ്ചിനീയറെ നിയമിച്ചതായും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (എല്‍.ഐ.ഡി ആന്റ് ഇ.ഡബ്ല്യൂ) അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ.എസ്.എന്‍.സരിത, കെ.ശകുന്തള, സി.ജെ.സജിത്ത്, ജാസ്മിന്‍ കബീര്‍, നജ്മ റാഫി, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.