മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കരുവാൻകാട്, പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ദേശീയപാതയുടെ കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുന്ന ഒല്ലൂർ മണ്ഡലത്തിൽ ട്രോമാകെയർ സൗകര്യം യാഥാർത്ഥ്യമാക്കാനുള്ള ആലോചനയിൽ ആണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളെ കൂടുതൽ രോഗി സൗഹൃദമാക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനം, രോഗപ്രതിരോധം, രോഗനിർമാർജനം, ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം എന്നിവയിൽ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് വീടിനു സമീപത്ത് തന്നെ ആവശ്യമായ ചികിത്സ പ്രാഥമികതലത്തിൽ ലഭ്യമാക്കുന്നതിനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. ഒല്ലൂർ മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടികളിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. ആരോഗ്യ മേഖലയിൽ അത്ഭുതകരമായ മാറ്റമാണ് ആർദ്രം മിഷൻ വഴി നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പി എച്ച് എസിക്കലും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ ജില്ലയിലെ ഏക മണ്ഡലം ഒല്ലൂർ ആണ്. ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾക്കായി കരുവാൻകാട് കേന്ദ്രത്തിന് 15 ലക്ഷം രൂപയും പട്ടിക്കാട് കേന്ദ്രത്തിന് 24 ലക്ഷം രൂപയും അധികം അനുവദിച്ചതായി മന്ത്രി അറിയിച്ചു. കൂടാതെ മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ഗാലറി അടങ്ങിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും പാണഞ്ചേരിയിലെ ചാത്തങ്കുളം ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ മാറ്റുന്നതിന് 3.13 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കരുവാൻകാട് ആശുപത്രി വിപുലീകരണത്തിനും പാണക്കാട് പഞ്ചായത്തിലെ വികസനത്തിനും വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും മന്ത്രി നിർദ്ദേശം നൽകി.
ആര്‍ദ്രം മിഷന്റെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടങ്ങൾ നിര്‍മിച്ചത്. രണ്ടു നിലകളിലായി നിർമ്മിച്ച കരുവാൻകാട് കേന്ദ്രത്തിലെ കെട്ടിടത്തിൽ പരിശോധന മുറികളും പാലിയേറ്റീവ് റൂം, വെയിറ്റിംഗ് ഏരിയ, പ്രീ ചെക്ക് അപ്പ് റൂം, ഓഫീസ് റൂം എന്നിവ ഉൾപ്പെടുന്നു. പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിൽ മൂന്ന് ഒ. പി.ക്കളും, ഫാർമസി, വെയ്റ്റിംഗ് ഏരിയ, ഒബ്സർവേഷൻ റൂം, സ്റ്റെയർ റൂം എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്.
കരുവാൻകാട് കുടുംബാരോഗ്യ നടന്ന പരിപാടിയില്‍ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി, സ്ഥിരംസമിതി അധ്യക്ഷര്‍, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍ രവി, വൈസ് പ്രസിഡണ്ട് ഫ്രാൻസീന ഷാജു, സ്ഥിരംസമിതി അധ്യക്ഷര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി പി ശ്രീദേവി, ഡിപിഎം പി സജീവ് കുമാർ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ശ്രീജിത്ത് എസ് ദാസ്, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.