നവകേരളത്തിന്റെ സൃഷ്ടിയില്‍ സംസ്ഥാനം നടത്തുന്ന മുതല്‍മുടക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 8.5 കോടി കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹയര്‍ സെക്കന്ററി ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ വിദ്യാലയങ്ങളിലും 5 കോടിയിലധികം രൂപ മുതല്‍മുടക്കില്‍ ഹൈടെക് സ്മാര്‍ട്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിന് ലഭിക്കാനുള്ള അര്‍ഹതപ്പെട്ട വിവിധ വിദ്യാഭ്യാസ ഗ്രാന്റുകള്‍ ലഭിക്കുകയാണെങ്കില്‍ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കിഫ്ബി ഫണ്ട് 8.5 കോടി രൂപ ചെലവു ചെയ്താണ് ഓഡിറ്റോറിയം ഉള്‍പ്പെടെ ഹയര്‍ സെക്കന്ററി ബ്ലോക്ക് നിര്‍മ്മിച്ചത്. 11 ക്ലാസ്മുറികള്‍, 7 ലാബ്, വിദ്യാര്‍ത്ഥികള്‍ക്ക് 5 ശുചിമുറികളും സ്റ്റാഫിന് 2 ശുചിമുറികളും വിഭിന്നശേഷികാര്‍ക്കാര്‍ക്കായി ഒരു ശുചിമുറിയും കുടിവെള്ള ശേഖരണത്തിനായി പമ്പും 1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഉള്‍പ്പെടെ അത്യാധുനിക രീതിയിലുള്ള ഹയര്‍ സെക്കന്ററി ബ്ലോക്കാണ് സജ്ജീകരിച്ചിട്ടുള്ളത്.

14 ലക്ഷം കോര്‍പ്പറേഷന്‍ ഫണ്ട് ഉപയോഗപ്പെടുത്തി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കവാടത്തിന്റെയും മുറ്റം ഇന്റര്‍ലോക്ക് ചെയ്തതിന്റെയും ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍ പ്രധാന അധ്യാപകരേയും പി.ടി.എ പ്രസിഡന്റുമാരെയും ആദരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി വിശിഷ്ടാതിഥിയായി.

ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കരോളിന്‍ പെരിഞ്ചേരി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പി.കെ ഷാജന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, ഡി.ഇ.ഒ ഡോ. എ. അന്‍സാര്‍, എ.ഇ.ഒ പി.എം ബാലകൃഷ്ണന്‍, ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. ജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് അഡ്വ. ഷോബി ടി. വര്‍ഗ്ഗീസ്, എസ്.എം.സി ചെയര്‍മാന്‍ ബഫീക്ക് ബക്കര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.