ജനകീയ പിന്തുണ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമുണ്ടാക്കിയതായി സ്പ‌ീക്കർ എ.എൻ. ഷംസീർ.
ചേന്ദമംഗല്ലൂർ ജി.എം.യു.പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ.

ജനകീയ പിന്തുണയോടെ വികസനം നടപ്പാക്കാൻ ജനങ്ങൾ മുൻകൈ എടുക്കുമ്പോഴാണ് നാട്ടിൽ പുരോഗതി ഉണ്ടാവുക. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചേരുമ്പോഴാണ് പൊതു വിദ്യാഭ്യാസം ശക്തിപ്പെടുന്നത്. അതിൽ എയ്ഡഡ് സ്കൂളിനെയും സഹായിക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട്. അതിനാണ് ചലഞ്ച് ഫണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി മാനേജ്മെൻറ് ചിലവാക്കുന്ന തുകക്ക് തുല്യമായി സർക്കാരും ചെലലവാക്കും. ഇത് പൊതുവിദ്യാഭ്യാസത്തെ സഹായിക്കാനും സംരക്ഷിക്കാനും സർക്കാർ ഇടപെടുന്നു എന്നതിന്റെ സൂചനയാണ്, സ്പീക്കർ ചൂണ്ടിക്കാട്ടി.

ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പുതിയ കെട്ടിടങ്ങൾ വരുമ്പോൾ സ്റ്റാഫ് റൂമുകളുടെ അനാവശ്യ ആഢംബരം ഒഴിവാക്കി ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഒരുക്കാൻ അധ്യാപകരും ജനപ്രതിനിധികളും പ്രത്യേകം ശ്രദ്ധിക്കണം. ലഹരി ഉപയോഗം വർധിച്ചു വരുന്നത് പ്രതിരോധിക്കുന്നതിനായി കായികമേഖലയിലേക്ക് കുട്ടികളെ വഴി തിരിച്ച് വിടാൻ നമുക്ക് സാധിക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി കിഫ്ബിയിലൂടെ 3.90 കോടി രൂപയാണ് മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ ജി.എം. യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന് അനുവദിച്ചത്.

മുക്കം നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ എൻ പി സഫീദ റിപ്പോർട്ട് അവതരിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ പി ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ അബ്ദുൽ ഗഫൂർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, റംല ഗഫൂർ, എം മധു, എം ടി വേണുഗോപാലൻ, എ.ഇ.ഒ വി ദീപ്തി, ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ പി കെ മനോജ്‌കുമാർ, പി ടി എ ഭാരവാഹികൾ, അധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ത്രിവേണി നന്ദിയും പറഞ്ഞു.