നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച ബേപ്പൂർ നിയോജക മണ്ഡലത്തിലെ 1491 നിവേദനങ്ങളിൽ സ്വീകരിച്ച തുടർനടപടികൾ പരിശോധിക്കുന്നതിനും മറുപടികളും നടപടികളും കുറ്റമറ്റതാക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു.
രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലെയും ചെറുവണ്ണൂർ, നല്ലളം, ബേപ്പൂർ കോർപ്പറേഷൻ സോണൽ ഓഫീസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരാണ് അദാലത്തിൽ ഫയലുകൾ സഹിതം ഹാജരായത്. ഓരോ ഫയലിലും നൽകിയ മറുപടികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഫറോക്ക്-360, രാമനാട്ടുകര-126, ബേപ്പൂർ-97, കടലുണ്ടി-242, ചെറുവണ്ണൂർ സോണൽ ഓഫീസ്-219, കോർപ്പറേഷൻ മെയിൻ ഓഫീസ്-447 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചത്.
വീടിനു വേണ്ടിയുള്ള അപേക്ഷകളും തീരദേശപരിപാലന നിയമത്തിൽ ഉൾപ്പെട്ട വീട് നിർമ്മാണവും മറ്റ് സേവനങ്ങൾ ലഭിക്കാനുള്ള നിവേദനങ്ങളുമാണ് കൂടുതലും വകുപ്പിന് ലഭിച്ചത്. 25 ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു.
അദാലത്തിന്റെ തുടർച്ചയായി ജില്ലാതല അദാലത്ത് ജനുവരി 22, 23, 24 തീയതികളിൽ കോഴിക്കോട് നടക്കും. ഫറോക്ക് മുനിസിപ്പൽ ഹാളിൽ നടന്ന അദാലത്തിന് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, സീനിയർ സൂപ്രണ്ട് എ എം അശോകൻ, ജൂനിയർ സൂപ്രണ്ട് ടി രഞ്ജിനി, ഉദ്യോഗസ്ഥരായ കെ എ നിധിൻ, ഇ ജിജുഷ്വ, കെ കെ റിങ്കു, ഇ ഷീന, ആർ ജി എസ് എ കോർഡിനേറ്റർ എസ് നവീൻ, സി സി അംജദ് അബ്ബാസ് എന്നിവർ നേതൃത്വം നൽകി.