സംസ്ഥാനത്തെ 90 കോളനികളില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്തെ 90 പട്ടികജാതി/പട്ടികവര്‍ഗ കോളനികളില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി ലഭ്യമാക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന് കീഴില്‍ ജില്ലയില്‍ നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയുടെയും വൈദ്യുതി സുരക്ഷാ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തികമായി കഴിവുള്ളവരിലേക്ക് സബ്‌സിഡിയും ആനുകൂല്യങ്ങളും എത്തിപ്പെടുന്നതിലുപരി സാധാരണക്കാരിലേക്കാണ് അവ എത്തേണ്ടത്. ജനങ്ങളെ മനസില്‍ കണ്ടുകൊണ്ട് വേണം ഏതൊരു പ്രവര്‍ത്തിയും ചെയ്യാന്‍. ഒരു ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ എന്തു ചെയ്യണം എന്നതാണ് ഏറ്റവും വലിയ ചുമതല. സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ളവരിലേക്ക് എങ്ങനെ പ്രതിഫലിക്കും എന്നത് മനസില്‍ കണ്ടുവേണം ഓരോ പരിപാടിയും ആസൂത്രണം ചെയ്യാനെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് തടയുന്നതിനായി വൈദ്യുതിക്കെണി വെക്കുന്നതുമൂലം ഉണ്ടാകുന്ന അപകട സാധ്യത ജനങ്ങളെ മനസിലാക്കി അത് തടയുന്നതിനായി ഫെന്‍സിങ് സൗകര്യം ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ക്വാളിറ്റി കണ്‍ട്രോള്‍ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് വൈദ്യുത സാമഗ്രികളുടെ ഗുണനിലവാരം സ്വയം പരിശോധിക്കാനുള്ളതിന്റെ പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഇ.ബി.എല്‍ സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസിന് കൈമാറികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. രാജന്‍ മേനോന്‍ എന്ന ഉപഭോക്താവ് 10 മീറ്ററുകള്‍ പരിശോധിക്കുന്നതിനായി ഫീസോടുകൂടിയുള്ള അപേക്ഷ വേദിയില്‍ വെച്ച് മന്ത്രിക്ക് നല്‍കി.

തുടര്‍ന്ന് ക്വാളിറ്റി കണ്‍ട്രോള്‍ എന്ന വിഷയത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് എറണാകുളം ബ്രാഞ്ച് ഓഫീസ് ജോയിന്റ് ഡയറക്ടര്‍ എസ്. റിനോ ജോണ്‍, അനധികൃത വയറിങ് ആന്‍ഡ് ലൈസന്‍സിങ് ബോര്‍ഡ് നിയമം എന്ന വിഷയത്തില്‍ പാലക്കാട് അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി. നൗഫല്‍ എന്നിവര്‍ ബോധവത്ക്കരണ ക്ലാസെടുത്തു.