പൊതുജന പങ്കാളിത്തത്തോടെ തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യ റിസ്‌ക് ഇന്‍ഫോമ്ഡ് മാസ്റ്റര്‍ പ്ലാന്‍ പദവി മാനന്തവാടി നഗരസഭക്ക്. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി 2018 ല്‍ ജില്ലയിലുണ്ടായ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷം നടത്തിയ ഡോക്യുമെന്റേഷന്‍ പഠനത്തിന്റെ അടിസ്ഥാനത്തിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലുമാണ് മാനന്തവാടി നഗരസഭയുടെ അപകട സാധ്യത കണക്കിലെടുത്ത് മാസര്‍പ്ലാന്‍ 2043 തയ്യാറാക്കിയത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്‌സ് കോഴിക്കോട് കേന്ദ്രം, അക്കാദമിക് സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗം, ജില്ലാ ഭരണകൂടം എന്നിവര്‍ 2018 ലെ പ്രളയത്തിനുശേഷം അപകട ബാധിത പ്രദേശത്ത് ഭവന ക്ലസ്റ്ററുകള്‍ കണ്ടെത്തി സാമൂഹിക-സാമ്പത്തിക-ശാരീരിക-മാനസിക പാരാമീറ്ററുകള്‍ ഉപയോഗിച്ച് ദുര്‍ബലത വിലയിരുത്തി.

കൂടാതെ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന അപകടസാധ്യതാതോത് അടിസ്ഥാനമാക്കി ഗ്രൗണ്ട് ട്രൂത്തിങ്, നിര്‍ദ്ദിഷ്ട ഭൂവിനിയോഗ പദ്ധതിയില്‍ വികസന മേഖലകള്‍, വികസന നിയന്ത്രിത മേഖലകള്‍, വികസന പരിമിതമായ പ്രദേശങ്ങള്‍ എന്നിവ കണ്ടെത്തി. നഗരസഭാ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത് വിസ്തൃതമായ പ്രദേശത്തായതിനാല്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും സാധ്യതയുള്ള പ്രദേശങ്ങളിലെ നിര്‍മാണം നിയന്ത്രിച്ചു. ദുരന്ത സാധ്യത കുറക്കാനുമുള്ള നിര്‍മാണ രീതി സ്വീകരിക്കുകയും അതനുസരിച്ച് സോണിംഗ് ചട്ടങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന പരിഗണന നല്‍കിയും നഗരസഭയില്‍ ആസൂത്രിത സ്ഥലപര വികസം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയും നഗരസഭയെ വിവിധ മേഖലകളാക്കി തിരിച്ച് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ആര്‍.ആര്‍.എഫ് ആന്‍ഡ് ഈ വേസ്റ്റ് മാനേജ്‌മെന്റ് സൗകര്യം, സ്‌പോര്‍ട്‌സ് കോംപ്ലക്സ്, ട്രക്ക് ടെര്‍മിനല്‍, ഇന്‍ട്രസ്ട്രിയല്‍ പാര്‍ക്ക്, ട്രാന്‍സ്‌പോര്‍ട്ട് ടെര്‍മിനല്‍ കോംപ്ലക്സ്, എക്‌സപോര്‍ട്ട് പ്രൊസസിഗ് സോണ്‍, ടൗണ്‍ സ്‌ക്വയര്‍, എയര്‍ സ്ട്രിപ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ഐ.ടി പാര്‍ക്ക്, മുനിസിപ്പല്‍ ഓഫീസ് കോംപ്ലക്സ്, ഓപ്പണ്‍ മാര്‍ക്കറ്റ്, ടൂറിസം പ്രൊജക്ട്, പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയ മുന്‍ഗണനാ പദ്ധതികളും മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ഏതുകാലവസ്ഥയും പ്രതിരോധിക്കുന്ന തരത്തില്‍ 15 ഓളം റോഡുകളുടെ വികസനവും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വിസന പദ്ധതിയും ആവിഷ്‌കരിക്കേണ്ട ഘട്ടം, സാമ്പത്തിക സ്രോതസ്, നടപ്പാക്കേണ്ട ഏജന്‍സി എന്നിവയും മാസ്റ്റര്‍ പ്ലാനില്‍ വ്യക്തമാക്കിയിട്ടുണ്ട്.