സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 5000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യം ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതായിരുന്നു.രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അതിന്റെ തുടർച്ചയായി വിദ്യാകിരണം പദ്ധതി നടപ്പാക്കി.
ഗുണമേന്മാ മാനദണ്ഡങ്ങളിൽ പ്രധാനമായ ഒരിനമായി കണ്ടത് ഭൗതിക സൗകര്യവികസനമാണ്.ഇങ്ങനെ 973 വിദ്യാലയങ്ങൾക്കാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കിഫ്ബി ധനസഹായത്തോടെ കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. 2595 കോടി രൂപ ഇതിനായി നീക്കിവെച്ചു.കിഫ്ബി ധനസഹായത്തോടെ നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിൽ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കാൻ അഞ്ചു കോടി ധനസഹായം അനുവദിച്ചു.മൂന്നുകോടി ധനസഹായത്തോടെ 386 സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് അനുവാദം നൽകുകയുണ്ടായി.ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളാണ് ഇവ. 500 കുട്ടികളിൽ കൂടുതലുള്ള 446 സർക്കാർ വിദ്യാലയങ്ങൾക്ക് ഒരുകോടി അനുവദിക്കുകയുണ്ടായി.സ്കൂൾ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 8 മുതൽ 12 വരെ ക്ലാസുകൾ ഉള്ള 4752 സ്കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി.ഇതിന്റെ ഭാഗമായി ബ്രോഡ്ബാൻഡ് ശൃംഖലയും ഇന്ററാക്ടീവ് വീഡിയോ കോൺഫറൻസ് സംവിധാനവും ഈ സ്കൂളുകളിൽ ഒരുക്കി.പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്കായി 11257 ഹൈടെക് ലാബുകളും സജ്ജമാക്കി.1,1955 ലാപ്ടോപ്പ്, 69944 പ്രൊജക്ടർ, 4578 ഡി. എസ്.എൽ.ആർ ക്യാമറ, 4545 എൽ. ഇ. ഡി. ടി.വി, 23098 സ്ക്രീൻ, 4720 വെബ്ക്യാം, 100473 യു.എസ്.ബി സ്പീക്കർ, 43250 മൗണ്ടിങ് കിറ്റ് എന്നിവ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനുള്ള മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങളാണ് നടത്തിയത്. രണ്ടു നിലകളിലായി നിർമിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ ആകെ വിസ്തീർണ്ണം 1129.18 ച.മീറ്ററാണ്. 4 ഹയർ സെക്കണ്ടറി ക്ലാസ് മുറികളും 8 ഹൈസ്കൂൾ ക്ലാസ് മുറികളുമാണുള്ളത്. ഇത് കൂടാതെ ഓരോ ക്ലാസ്സ്മുറിയോടും ചേർന്ന് ആക്ടിവിറ്റി ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
എ. എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എസ്. സന്തോഷ്, കെ. പി. ഉല്ലാസ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് കെട്ടിടം വിഭാഗം എ. നിഹാൽ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി. കെ. അശോക് കുമാർ, ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി. കൃഷ്ണകുമാർ, ചേർത്തല ഡി.ഇ.ഒ എ. കെ. പ്രതീഷ്,പി.ടി.എ പ്രസിഡന്റ് വി.വി. മോഹൻദാസ്, എസ്.എം.സി ചെയർമാൻ പി.വിനീതൻ, സ്കൂൾ പ്രിൻസിപ്പൽ എൻ. മഞ്ജു, സ്കൂൾ ഹെഡ്മിസ്ട്രസ് ജെ.ഗീത മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.