· ജില്ലയിലെ സ്‌കൂളുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ പാക്കേജ് നടപ്പാക്കും.
· വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ സ്ഥാപിക്കണം.
 
വയനാട്: പ്രളയാനന്തരം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ വീടുകളിലേക്ക് ജനകീയയാത്ര നടത്തി ഒരുമാസത്തിനുളളില്‍ അവരെ തിരികെ കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ. ഹാളില്‍ ചേര്‍ന്ന പ്രധാനാദ്ധ്യപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് ജനകീയയാത്ര നടത്തുക. പ്രളയാനന്തരം വിദ്യാര്‍ത്ഥികളുടെ വീടുകളിലെ സാമൂഹിക പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും യാത്രയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് പൊതുവെ പ്രളയത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറവാണെന്നാണ് യൂണിസെഫ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ കണ്ടെത്തിയത്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കും.കൊഴിഞ്ഞുപോയ വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  വരാത്ത കുട്ടികള്‍ക്ക് ഹാജര്‍ നല്‍കുന്നത് തലമുറ വളര്‍ച്ചക്ക് തടസമാകും.ഇക്കാര്യത്തില്‍ സത്യസന്ധമായ ഇടപ്പെടലുണ്ടാവണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.  
 
     
വിദ്യാഭ്യാസ മേഖലയില്‍ ജില്ലയുടെ എല്ലാ പിന്നാക്കാവസ്ഥയും പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവും. പ്രളയത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കുണ്ടായിരിക്കുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ പാക്കേജ് നടപ്പാക്കും. അതിനായി സ്‌കൂളുകളുടെ വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കണം. സ്‌കൂളുകളില്‍ വെള്ളം കയറി നശിച്ച കമ്പ്യൂട്ടറുകള്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍വ്വസ്ഥിതിയിലാക്കും. പ്രളയാനന്തരം വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ഒരു വിദ്യാര്‍ത്ഥിയും സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോവാന്‍ പാടില്ല. കുട്ടികളുടെ പ്രതീക്ഷകള്‍ സംരക്ഷിച്ച് പ്രളയത്തിനു മുമ്പുണ്ടായിരുന്ന മാനസികാവസ്ഥയിലേക്ക് അവരെ പൂര്‍ണ്ണമായെത്തിക്കണം.മനസിന്റെ പുനര്‍നിര്‍മ്മാണവും വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമായും ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ സ്ഥാപിക്കണം. കാമ്പസ് പാഠപുസ്തകമാവുന്നതിനൊടൊപ്പം കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കുറയുന്നത് കുട്ടികളെ ഊര്‍ജ്ജ്വലമാക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
 
 
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ.ദേവകി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി.അലക്‌സാണ്ടര്‍, എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍. ബാബുരാജ്, ഹയര്‍സെക്കണ്ടറി റിജീയണല്‍ ഉപഡയറക്ടര്‍ ഗോകുല്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ. ലീന, ജില്ലയിലെ ഹയര്‍സെക്കണ്ടറി – വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാര്‍, ഹൈസ്‌കൂള്‍ – പ്രൈമറി സ്‌കൂള്‍ പ്രധാനാദ്ധ്യപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.