കോട്ടയം: ദീർഘവീക്ഷണമുള്ള വികസന പ്രവർത്തനങ്ങളിലൂടെ മുത്തോലി ഗ്രാമപഞ്ചായത്തിന് അഭിമാന നേട്ടം. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷനാണ് മുത്തോലി ഗ്രാമപഞ്ചായത്തിനെ തേടി എത്തിയത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉന്നത നിലവാരമുള്ള ചികിത്സയ്ക്കും വികസന പദ്ധതികൾക്കുമാണ് ഈ അംഗീകാരം. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിച്ച 13 സർക്കാർ ആശുപത്രികളിലൊന്നാണ് മുത്തോലി. രണ്ട് ലക്ഷം രൂപയാണ് പുരസ്‌കാര തുക.
ഗുണനിലവാരമുള്ള ചികിത്സ, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, ജലവിനിയോഗം തുടങ്ങിയ മേഖലകളിലെ വികസനോന്മുഖമായ പദ്ധതികൾ കണക്കിലെടുത്താണ് അംഗീകാരം. മൂന്നു മാസം മുമ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധരുടെ സംഘം പി.എച്ച്.സിയിലെത്തി ക്രമീകരണങ്ങൾ പരിശോധിച്ചതിനുശേഷമാണ് സർട്ടിഫിക്കേഷൻ നൽകിയത്.
പഞ്ചായത്ത് കഴിഞ്ഞ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഉന്നത നിലവാരത്തിലേക്കുയർത്തിയിരുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ ലാബ്, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങളും വിപുലമാക്കി. അതിഥി സംസ്ഥാന തൊഴിലാളികൾക്കായി രോഗ പരിശോധന ക്യാമ്പുകളും പി.എച്ച്.സി നടത്തുന്നുണ്ട്. ബാല സൗഹൃദ പഞ്ചായത്താക്കിയതോടെ കുട്ടികൾക്കായി പ്രത്യേക പാർക്ക്, വാക്സിനേഷൻ കേന്ദ്രം, ഫീഡിങ് റൂം തുടങ്ങിയവയുമുണ്ട്. സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിയിലുൾപ്പെടുത്തി പൈപ്പ് കംപോസ്റ്റ,് എയറോബിക് കംപോസ്റ്റ് തുടങ്ങിയവ ഇവിടെ ഏർപ്പെടുത്തി. എയ്റോബിക് കംപോസ്റ്റിലെ മാലിന്യങ്ങൾ വളമാക്കി പൂന്തോട്ടത്തിലെ ചെടികളിലേക്ക് എത്തിക്കുന്നു. പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി പതിനായിരം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.
പഞ്ചായത്തിനു സമീപം പന്തത്തലയിലാണ് പി.എച്ച്.സി പ്രവർത്തിക്കുന്നത്. നിലവിൽ ഒരു ഡോക്ടറും 14 ജീവനക്കാരുമാണ് ഇവിടെയുള്ളത്.മറ്റ് പ്രദേശങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിനാളുകളാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. സമയബന്ധിതമായി പഞ്ചായത്ത് വികസന പദ്ധതികൾ പൂർത്തീകരിച്ചതാണ് നേട്ടത്തിന് അർഹമാക്കിയതെന്ന് മെഡിക്കൽ ഓഫീസർ അനീഷ് കെ. ഭദ്രൻ പറഞ്ഞു.