പ്രവൃത്തി, ജോലി എന്നിവയുടെ അടിസ്ഥാനത്തില്‍ പഴയകാലത്ത് രൂപപ്പെട്ട ചാതുര്‍വര്‍ണ്ണ്യത്തെ തുടര്‍ന്നുളള ജാതിവ്യവസ്ഥ മാറ്റിയെടുക്കാനുളള ഇടപെടലാണ് വേണ്ടതെന്ന് പട്ടികജാതി-പട്ടികവര്‍ഗ-നിയമ-സാംസ്‌കാരിക-പിന്നോക്കക്ഷേമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളെ അനുമോദിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരം സാമൂഹ്യവ്യവസ്ഥ മാറ്റാനുളള ശ്രമം പൂര്‍ണ്ണമല്ലാതെയാണ് രാജ്യത്തെമ്പാടും കേരളത്തിലും നടക്കുന്നത്. ഈ വിഭാഗക്കാര്‍ക്ക് സ്വന്തമായി ഭൂമി, സ്വത്ത്, തൊഴില്‍, വിദ്യാഭ്യാസം എന്നിവ ഇല്ലാതെ പോയത് നിലനിന്നു പോന്ന സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. ലൈഫ് പദ്ധതിയുടെ ഭാഗമായി വീട്, മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പാക്കി സര്‍ക്കാര്‍ ഇക്കൂട്ടരുടെ സുസ്ഥിരവികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ വിഭാഗക്കാര്‍ക്കായുളള ഹോസ്റ്റലുകളില്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് പരിശീലനം മുള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അഭിരുചിക്കനുസരിച്ച് തൊഴില്‍ ലഭ്യമാക്കാനുളള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശപഠനത്തിനും വിദേശത്തെ തൊഴില്‍ സാധ്യതയുളള കമ്പനികളുമായി സര്‍ക്കാര്‍ കരാര്‍ രൂപീകരിച്ച് വിദേശത്ത് തൊഴില്‍ ചെയ്യാനും ഈ വിഭാഗക്കാര്‍ക്ക് അവസരമൊരുക്കുന്നുണ്ട്. പണമില്ലാത്തതുകൊണ്ട് പഠിക്കാനുളള അവസരം നഷ്ടപ്പെടാത്ത സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. വിദ്യാഭ്യസം എന്നത് ഏത് പ്രതിസന്ധിയേയും അതിജീവിക്കാന്‍ കഴിയുന്ന ആയുധമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. അഭ്യസ്തവിദ്യരായ ആദിവാസി വിഭാഗങ്ങള്‍ക്ക്് സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നുണ്ട്. സിവില്‍സര്‍വീസ് പരിശീലനത്തിനും അവസരമൊരുക്കിയിട്ടുളളതായി മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളെ അനുമോദിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കുന്നു

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ 321 പട്ടികജാതി കലാപ്രതിഭകള്‍ക്ക് വിവിധ ഇനങ്ങളില്‍ ‘എ’ ഗ്രേഡ് ലഭിച്ചിരുന്നു. ഇതില്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ എ ഗ്രേഡ് നേടിയ 122 വിദ്യാര്‍ത്ഥികള്‍ക്ക്് 10000 രൂപയുടെ ക്യാഷ് അവാര്‍ഡ് ‘സര്‍ഗോത്സവം’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ മന്ത്രി വിതരണം ചെയ്തു. 2018-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെയും മന്ത്രി അനുമോദിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ അദ്ധ്യക്ഷനായ പരിപാടിയില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ ബിന്ദു സുരേഷ്, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ വി.രഞ്ജിത്ത്, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ മെക്കിള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.വി രവിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളെ ആദരിച്ചു
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 100 ശതമാനം വിജയം കൈവരിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളെയും പരിപാടിയില്‍ ആദരിച്ചു. പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ 100 ശതമാനം വിജയം നേടിയ തൃത്താല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നാലു സ്‌കൂളുകളാണ് നേട്ടം കൈവരിച്ചത്. ആലപ്പുഴയിലെ പുന്നപ്ര എം.ആര്‍.എസ്, ഇടുക്കിയിലെ പീരുമേട് എം.ആര്‍.എസ്, തിരുവനന്തപുരം വെള്ളായണി സാംസ് എം.ആര്‍.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയം നേടിയ കുഴല്‍മന്ദം എം.ആര്‍.എസ് ഉള്‍പ്പെടെ സംസ്ഥാനത്ത് അഞ്ചു സ്‌കൂളുകള്‍ അവാര്‍ഡിന് അര്‍ഹരായി. എറണാക്കുളം കീഴ്മാട് എം.ആര്‍.എസ്, തൃശൂര്‍ വടക്കാഞ്ചേരി, ചേലക്കര എം.ആര്‍.എസ്, കാസര്‍ഗോഡ് വേലച്ചാല്‍ എം.ആര്‍.എസ് എന്നിവയാണ് അവാര്‍ഡിന് അര്‍ഹരായ മറ്റു സ്‌കൂളുകള്‍.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 100 ശതമാനം വിജയം കൈവരിച്ച കുഴല്‍മന്ദം, തൃത്താല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് മൊമെന്റോ നല്‍കി ഷാഫി പറമ്പില്‍ എം.എല്‍.എ ആദരിക്കുന്നു