പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്തെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഓട്ടിസം ബാധിച്ചിട്ടുള്ളവര്‍ക്കും പ്രത്യേക തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖല ക്യാമ്പിന്റെ ഭാഗമായി പുന്നയൂരിലെ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക തെറാപ്പിസ്റ്റിനെ നിയോഗിക്കണമെന്നും കിടപ്പു രോഗികള്‍ക്ക് ഉള്‍പ്പെടെ ഇവര്‍ വീടുകളിലെത്തി സേവനം ലഭ്യമാക്കണമെന്ന് സര്‍ക്കാരിലേക്ക് ശിപാര്‍ശ നൽകുമെന്നും അവർ പറഞ്ഞു. ആവശ്യമുള്ള രോഗികളെ വീട്ടിലെത്തി പരിചരണം നല്‍കുന്നത് വലിയ സമാശ്വാസം നല്‍കുന്നതിന് വഴിയൊരുക്കും. അലോപ്പതി, ഹോമിയോ, ആയുര്‍വേദ ചികിത്സകള്‍ നിലവില്‍ ലഭ്യമാക്കുന്നുണ്ട്.
ഒറ്റപ്പെട്ടു കഴിയുന്നവര്‍, കിടപ്പു രോഗികള്‍, ശാരീരിക, മാനസിക വെല്ലുവിളി എന്നിവ നേരിടുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി കണ്ട് പ്രത്യേക പരിചരണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി പാലിയേറ്റീവ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പാലിയേറ്റീവ് സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ ആവശ്യമുള്ളവര്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കണം.
ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11ലെ ഫിഷറീസ് കോളനിയില്‍ 16 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണം. ഇതിനായിസമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ ഫിഷറീസ്, റവന്യു വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ച് നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
സ്ത്രീകളെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാടുകാരുടെ പ്രവര്‍ത്തനങ്ങള്‍ തീരദേശമേഖലയില്‍ വ്യാപകമായിട്ടുണ്ട്. ഇക്കാര്യം കേരളീയ സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. ഈ പ്രശ്‌നത്തില്‍ നിന്നും തീരദേശത്തുള്ളവരെ രക്ഷിക്കുന്നതിനു വേണ്ടി നല്ല ധനകാര്യ മാനേജ്‌മെന്റ് സാധ്യമാകുന്ന വിധം ഇടപെടല്‍ നടത്താന്‍ ഫിഷറീസ് വകുപ്പ് പ്രത്യേകം പദ്ധതി നടപ്പാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
പുന്നയൂര്‍ പഞ്ചായത്തിലെ ഏഴ്, പതിനൊന്ന് വാര്‍ഡുകളിലായി ആറ് വീടുകളിലാണ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും മെമ്പര്‍മാരും സന്ദര്‍ശനം നടത്തിയത്. ഓട്ടിസം ബാധിതരായ കുട്ടികള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, സാമ്പത്തിക പരാധീനതയാലും കിടപ്പ് രോഗത്താലും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കി പരിഹാരം കാണുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയാണ് ഗൃഹസന്ദര്‍ശനത്തിന്റെ ലക്ഷ്യം. എടക്കഴിയൂര്‍ പീടിക പറമ്പില്‍ അജിത, വേഴമ്പറമ്പത്ത് മല്ലിക, ഒളാട്ട് വീട്ടില്‍ രമ, കാനം പറമ്പത്ത് റസാഖ്, കറുത്താറം വീട്ടില്‍ ഷെരീഫ, പോള്‍ വീട്ടില്‍ സുനിത ബാബു തുടങ്ങിയവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്.
പഞ്ചായത്തംഗം എം.കെ. അരാഫത്ത്, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടോണി ജോസഫ്, സാഗര്‍ മിത്ര പ്രതിനിധികളായ വി.എ. റിഷാന, ശിശിര കെ ജോസഫ് തുടങ്ങിയവരും ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുത്തു.