കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനില്‍ക്കെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ ആറ് വയസുകാരനെ രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ മലപ്പുറം ജില്ലാ ഭരണകൂടം ആദരിച്ചു. മൂന്നിയൂര്‍ നിബ്രാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് അഫ്‌ലഹ്, വി.പി മുഹമ്മദ് ജെസീല്‍ എന്നിവര്‍ക്കുള്ള പ്രശംസാപത്രം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് കൈമാറി.

ചെറുമുക്ക് ആമ്പല്‍ പാടത്ത് കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് സംഭവം നടക്കുന്നത്. ആമ്പല്‍ പാടത്തെ ഉദ്യാനപാതയില്‍ കുട്ടികള്‍ ചാടി കുളിക്കുന്നതിനിടെ അബദ്ധത്തില്‍ ഒരാളുടെ കാല്‍ തട്ടിയാണ് മതില്‍ കെട്ടിലിരുന്ന ആദി മെഹബൂബ് എന്ന ആറ് വയസുകാരന്‍ വെള്ളത്തില്‍ വീഴുന്നത്. കുട്ടി വീഴുന്നത് കൂട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതുമില്ല. ഇതിനിടെയാണ് ചെറുമുക്ക് വെസ്റ്റിലെ പരേതനായ മനരിക്കല്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് അഫ്‌ലഹ് കുളിക്കാനായി വരുന്നത്.

ആദി മെഹബൂബ് വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട അഫ്‌ലഹ് ഉടന്‍ വെള്ളത്തിലേക്ക് ചാടുകയും റോഡില്‍ ഉണ്ടായിരുന്ന സുഹൃത്ത് വി.പി മുഹമ്മദ് ജെസീലിന്റെ സഹായത്തോടെ സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ അനുമോദനവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക്, മനരിക്കല്‍ മുഫീദ്, വി.ടി മുഹമ്മദ് ഇഹ്‌സാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.